സി.എസ് സിദ്ദീഖുൽ അക്ബർ മദനി
ചീഫ് ഇമാം വീയപുരം വെസ്റ്റ് ജുമാമസ്ജിദ്
വിശുദ്ധിയുടെ വിളനിലമായ വിശുദ്ധ റമളാൻ ആഗതമാവുകയാണ്…
ഓരോ വിശ്വാസിയും റജബിന്റെ പൊന്നന്പിള്ളി വാനിൽ തെളിഞ്ഞതു മുതൽ റമളാന്റെ വരവിന് വേണ്ടി പ്രപന്ച നാഥനോട് ദിനേന കുറഞ്ഞത് 5 പ്രാവശ്യം അർത്ഥിച്ചിരുന്നു.
ആ പ്രാർത്ഥനയുടെ പരിണിത ഫലമായി വിശുദ്ധ റമളാനിലേക്ക് നാം എത്തിച്ചേരുകയാണ്..ആ മാസത്തിന്റെ ആഗമനത്തിൽ സന്തോഷം പ്രകടിപ്പിക്കൽ നരക മോചത്തിന് ഹേതുവാണെന്നാണ് പ്രവാചക വചനം. അനുഗ്രഹത്തിന്റെയും വിട്ടു വീഴ്ചയുടെയും പാപ മോചനത്തിന്റെയും കാരുണ്യത്തിന്റെയും നരകമോചനത്തിന്റെയും ആരാധനകൾക്ക് ഇരട്ടി പ്രതിഫലം നൽകപ്പെടുന്നതും പ്രാർത്ഥനകൾ സ്വീകരിക്കപ്പെടുന്നതുമായ പുണ്യ മാസമാണ് റമളാൻ.
ആ മാസത്തിന്റെ പകലിൽ സൃഷ്ടാവിന് വേണ്ടി വികാര വിചാരങ്ങൾ ഉപേക്ഷിച്ച് നോമ്പ് അനുഷ്ഠിക്കുകയും രാത്രി ഐച്ഛികമായ തറാവീഹ് നിസ്കാരങ്ങൾ നിർവഹിക്കുകയും പള്ളികൾ ഇഅതികാഫിനാൽ സജീവമാക്കപ്പെടുകയും ചെയ്യണം.
അള്ളാഹുവിനോടുള്ള ഒരു കടപ്പാട് പൂര്‍ത്തിയാക്കുന്നതോടൊപ്പം വളരെയധികം പ്രതിഫലങ്ങള്‍ക്കര്‍ഹനാവുക കൂടിയാണ് നോമ്പ് അനുഷ്ഠിക്കുന്നതിലൂടെ ഒരുവന്‍ ചെയ്യുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ നോമ്പിനെ ഒഴിവാക്കുന്നവന്‍ ചെയ്യുന്നത് ഒരു പാപമാണ് എന്നതാണ് ഇസ്ലാമിക വിശ്വാസം. നോമ്പ് ഒരു തരത്തിലുള്ള ആരാധനയാണ്. മറ്റെല്ലാ ആരാധനകള്‍ക്കുമില്ലാത്ത ഒരു പ്രത്യേകതയാണ് നോമ്പിനുള്ളത് എന്താണെന്നാല്‍ അത് നോമ്പ് അനുഷ്ഠിക്കുന്നവനും അള്ളാഹുവിനും മാത്രം അറിയാവുന്ന രഹസ്യമാണ് എന്നതാണ്. മറ്റാരാധനകള്‍ക്കൊന്നും തന്നെ ഇത്തരത്തിലുള്ള ഒരു രഹസ്യ സ്വഭാവമില്ല. അതിനാല്‍ നോമ്പിനുള്ള പ്രതിഫലം എത്രയെന്നു നിശ്ചയിക്കുന്നവനും അതു നല്‍കുന്നവനും അള്ളാഹുമാത്രമാണ്. “നോമ്പ് എനിക്കുള്ളതാണ്, അതിനു പ്രതിഫലം നല്‍കുന്നവനും ഞാന്‍ തന്നെ” എന്ന നാഥന്റെ വചനം നാം പ്രവാചകനിലൂടെ കേട്ടറിഞ്ഞതാണ്.റമളാന്‍ മാസത്തിന്റെ അനുഗ്രഹങ്ങള്‍ നോമ്പില്‍ മാത്രം ഒതുങ്ങുന്നില്ല.

എല്ലാ സദ്‌പ്രവൃത്തികളാലും ആരാധനകളാലും നാഥന്റെ പ്രത്യേക പ്രീതിക്ക് പാത്രമാകുന്നതാണ്. വിശുദ്ധ ഖുര്‍ആന്‍ ഭൂമിയില്‍ അവതീര്‍ണ്ണമായ മാസമാണ് റമളാന്‍ മാസം. അതിനാല്‍ തന്നെ ഖുര്‍ആന്‍ പാരായണം ചെയ്യാനും, പാരായണ ശാസ്ത്രം മനസ്സിലാക്കാനും അതിലെ ദൈവീക രഹസ്യങ്ങള്‍ അറിയാനും ശ്രമിക്കേണ്ടത് ഓരോ സത്യവിശ്വാസികളുടേയും കടമയാണ്. അത് അവന്റെ ഹൃദയങ്ങളില്‍ നിന്ന് പാപ കറകളെ കഴുകി കളയുന്നതിനും, ഹൃദയം പ്രകാശപൂരിതമാക്കുന്നതിനും സഹായിക്കുന്നു.
നോമ്പ് നോറ്റവരെ തുറപ്പിക്കുന്നതിനും വലിയ പ്രതിഫലമാണുള്ളത്.അതുകൊണ്ട് വിശ്വാസികൾ കൂട്ടുകുടുംബാധികളെയും,സ്നേഹിതരെയും അയൽ വാസികളെയും ക്ഷണിച്ചു വിപുലമായ ഇഫ്താറുകൾ സംഘടിപ്പിക്കാറുണ്ട്…. സമൂഹത്തിലെ അവശതയനുഭവിക്കുന്നവരെ കണ്ടെത്തി സാന്ത്വന, കാരുണ്യ പ്രവർത്തനങ്ങളിൽ വിശ്വാസികൾ ഈ മാസത്തിൽ കൂടുതലായി ശ്രദ്ധ ചെലുത്താറുണ്ട്.
വിശുദ്ധ റമളാന്റെ പവിത്രതക്ക് കോട്ടം വരുന്ന യാതൊരു പ്രവർത്തനങ്ങളിലും വിശ്വാസികൾ ഏർപ്പെടാൻ പാടില്ലെന്നത് നാഥന്റെ കല്പനയാണ്… ജൂത മതവിശ്വാസിയായ ഒരു മനുഷ്യൻ റമളാനിന്റെ പകലിൽ തന്റെ പൗത്രനായ കുട്ടി പൊതു വഴിയിൽ വെച്ചു ഭക്ഷണം കഴിക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ “പൊന്നു മോനെ മുസ്‌ലിംകൾ ആദരിക്കുന്ന പുണ്യ മാസമാണ് ഇത്…മോൻ വീടിന്റെ ഉള്ളിൽ വെച്ച് ഭക്ഷണം കഴിക്കാവൂ “എന്ന് ഉപദേശിച്ച, റമളാനെ ബഹുമാനിച്ച കാരണത്താൽ അദ്ദേഹത്തിന് സ്വർഗം പ്രവേശനം ലഭിക്കാൻ നിമിത്തമായി എന്ന പ്രവാചക അധ്യാപനങ്ങൾ ഈ മാസത്തിന്റെ മഹത്വത്തെ വിളിച്ചറിയിക്കുന്നു…
ഈ പവിത്രമായ മാസത്തെ ആദരിക്കാനും ആരാധനകൾ കൊണ്ട് ധന്യമാക്കാനും പ്രപഞ്ച നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ
































