ബിജെപി നേതാവ് പി.സി.ജോർജിനെ വീട്ടിലെത്തി സന്ദർശിച്ച് പത്തനംതിട്ടയിലെ സ്‌ഥാനാർഥി അനിൽ ആന്റണി. തനിക്ക് പകരം അനിലിനെ സ്‌ഥാനാർഥിയാക്കിയതിൽ പി.സി.ജോർജ് പരസ്യമായി നീരസം പ്രകടിപ്പിച്ച സാഹചര്യത്തിലായിരുന്നു സന്ദർശനം തിങ്കളാഴ്‌ച വൈകിട്ട് അഞ്ചേകാലോടെ ഈരാറ്റുപേട്ടയിലെ വസതിയിലെത്തിയാണ് ജോർജിനെ അനിൽ കണ്ടത്. ഇരുവരും അൽപനേരം ചർച്ച നടത്തി
പത്തനംതിട്ടയിൽ അനിൽ ആൻ്റണിയുടെ വിജയം ഉറപ്പാക്കുകയാണ് കേരളത്തെ സംബന്ധിച്ച് അനിവാര്യമായ കാര്യമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം പി.സി ജോർജ് മാധ്യമങ്ങളോടു പ്രതികരിച്ചു. ബിജെപിയുടെ മുഴുവൻ പ്രവർത്തകരും വളരെ ആത്മാർഥമായി മുന്നിലുണ്ടാകുമെന്നും ജോർജ് പറഞ്ഞു.
തൻ്റെ സ്ഥാനാർത്ഥിത്വം നഷ്ടപ്പെടാൻ കാരണം വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും പിണറായി വിജയനുമാണെന്ന് ഇവർക്ക് ദൈവം കൊടുക്കുമെന്നും പിസി ജോർജ് പ്രതികരിച്ചിരുന്നു. പത്തനംതിട്ടയിൽ താൻ സ്ഥാനാർഥിയാകണമെന്നാണ് എസ്എൻഡിപി ഉൾപ്പെടെയുള്ള പല സമുദായിക സംഘടനകളും ആഗ്രഹിച്ചത്. അനിൽ ആൻ്റണി ചെറുപ്പമാണെങ്കിലും അദ്ദേഹത്തെ പത്തനംതിട്ടയിൽ പരിചയപ്പെടുത്താൻ കുറച്ച് അധികം സമയം എടുക്കും. എകെ ആൻ്റണിയുടെ മകനെന്ന വിലാസം ഉണ്ടെങ്കിലും ആൻ്റണി കോൺഗ്രസ്ക്കാരനാണ്.
മകന് അപ്പൻ്റെ പിന്തുണയില് എന്നത് പ്രശ്നമാണ്. ഇതൊക്കെ കഴിഞ്ഞ ദിവസം പിസി ജോർജ് പരസ്യ പ്രസ്താവന നടത്തിയതാണ്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ ജോർജിനെ എങ്ങനെയെങ്കിലും തണുപ്പിച്ച് കൂടെ നിർത്തുവാനുള്ള ശ്രമത്തിലാണ് ബിജെപി നേതൃത്വം.
































