പാക്കിസ്ഥാന്‍റെ പ്രധാനമന്ത്രിയായി ഷഹബാസ് ഷരീഫ് അധികാരമേറ്റു. പ്രസിഡന്‍റിന്‍റെ വസതിയിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ് ആരിഫ് ആൽവി ഷഹബാസിന് സത്യവാചകം ചൊല്ലിക്കൊടുത്തു. 72കാരനായ ഷഹബാസ് ഇതു രണ്ടാം തവണയാണ് പാക്കിസ്ഥാന്‍റെ പ്രധാനമന്ത്രി പദത്തിലെത്തുന്നത്.
ദേശീയ അസംബ്ലിയാണ് ഷഹബാസ് ഷരീഫിനെ പാക് പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ്, പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി മറിയം നവാസ്, പിഎംഎൽ-എൻ പ്രവർത്തകർ, സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷാ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ആർക്കും വ്യക്തമായി ഭൂരിപക്ഷമില്ലാതിരുന്ന തെരഞ്ഞെടുപ്പിൽ പിഎംഎൽ-എൻ- പിപിപി സഖ്യത്തിന്‍റെ തൂക്കുമന്ത്രിസഭയാണിപ്പോൾ അധികാരത്തിലേറിയത്.
ഇത് രണ്ടാം തവണയാണ് ഷഹബാസ് ഷരീഫ് പാകിസ്ഥാന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. മൂന്നു തവണ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫിന്റെ ഇളയ സഹോദരനാണ് ഷഹബാസ്. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫാണ് ഷഹബാസ് ഷരീഫിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തത്.
































