ബിജെപി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസില്‍ മുഴുവൻ പ്രതികൾക്കും പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ച് കോടതി. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വി ജി ശ്രീദേവിയാണ് വിധി പ്രസ്താവിച്ചത്. കേസില്‍ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് വിലയിരുത്തിയാണ് കോടതി ശിക്ഷ വിധിച്ചത്.
വിധി പ്രസ്താവം കേൾക്കാൻ രഞ്ജിത്തിന്റെ ഭാര്യയും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധിയിൽ സംതൃപ്തിയെന്ന് കുടുംബാംഗങ്ങൾ പ്രതികരിച്ചു.
പോപ്പുലര്‍ ഫ്രണ്ട്- എസ്ഡിപി പ്രവര്‍ത്തകരാണ് പ്രതികള്‍. ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ 2021 ഡിസംബര്‍ 19 ന് രാവിലെയാണ് കൊലപ്പെടുത്തുന്നത്. വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ ചുറ്റിക കൊണ്ട് അടിച്ചും വാളുകളും മഴുവും കൊണ്ട് വെട്ടിയും കൊലപ്പെടുത്തിയെന്നാണ് കേസ്.
ആലപ്പുഴ വെള്ളക്കിണറിലെ വീട്ടില്‍ കയറി അമ്മയുടേയും ഭാര്യയുടേയും മകളുടേയും മുന്നില്‍ വെച്ചായിരുന്നു കൊലപാതകം. സംഭവത്തിന് തലേദിവസം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാന്‍ മണ്ണഞ്ചേരിയില്‍ വെച്ച് കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
വയലാര്‍ സ്വദേശിയായ നന്ദു കൃഷ്ണയെ കൊലപ്പെടുത്തിയപ്പോള്‍ തന്നെ പ്രതികാരക്കൊല നടക്കുമെന്ന് എസ്ഡിപിഐക്കാരായ പ്രതികള്‍ മുന്‍കൂട്ടി കണ്ടിരുന്നുവെന്നും അങ്ങനെ സംഭവിച്ചാല്‍ പകരം ഒരാളെ കൊലപ്പെടുത്താന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് ഇതെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് ആലപ്പുഴ ജില്ലയില്‍ പൊലീസ് കനത്ത ജാഗ്രയിലാണ്. കോടതി പരിസരത്തും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.































