മാവേലിക്കര : പീഡന കേസിൽ പ്രതിയായ പാസ്റ്ററെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപണം ഐ.പി.സി ആലപ്പുഴ വെസ്റ്റ് സെൻ്റർ, മാവേലിക്കര ലോക്കൽ ചർച്ചിലെ പാസ്റ്ററായ പുനലൂർ സ്വദേശി സജിപാസ്റ്റർ എന്നു വിളിക്കുന്ന സജി എബ്രഹാമിനെതിരെ കഴിഞ്ഞ 9 -ാം തീയതിയാണ് മാവേലിക്കര പോലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376,506 വകുപ്പുകൾ പ്രകാരം കേസെടുത്തത്. അതിജീവിതയുടെ മൊഴി പ്രകാരമാണ് കേസ്. മാവേലിക്കര മറ്റത്തുള്ള IPC സഭയുടെ ചർച്ചിന് സമീപത്തെ ഒരു വീട്ടിൽ വീട്ടുജോലിയിൽ ഏർപ്പെട്ടിരുന്ന അതിജീവിത വീട്ടിൽ ഉറങ്ങിക്കിടക്കുന്ന സമയത്ത് ഈ വീട്ടിലെ നിത്യ സന്ദർശകൻ കൂടിയായ പാസ്റ്റർ പീഡിപ്പിച്ചതായാണ് കേസ്. മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 1 മുമ്പാകെ ഈ വിഷയത്തിൽ അതിജീവിത നേരിട്ട് മൊഴി നൽകിയിട്ടുമുണ്ട്.എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുവാൻ പോലീസ് തയ്യാറായിട്ടില്ല.ഉന്നത രാഷ്ട്രീയ സ്വാധീനമാണ് പ്രതിയെ അറസ്റ്റ് ചെയ്യാത്തതെന്ന് അതിജീവിത പറയുന്നു.
കഴിഞ്ഞ ദിവസം ജില്ലാ പോലീസ് ചീഫിന് നേരിട്ട് പരാതി നൽകിയെങ്കിലും ഒരു നീതിയും അതിജീവിതയ്ക്ക് ലഭിച്ചില്ല. ഇതിനെ തുടർന്ന് അഡ്വ: കെ.രാജേഷ് കണ്ണൻ മുഖേന അതിജീവിത ഹൈക്കോടതിയെ സമീപിക്കുകയും കേസ് പരിഗണിച്ച് കോടതി രണ്ടാഴ്ചക്കുള്ളിൽ വിശദമാക്കുന്ന റിപ്പോർട്ട് ഫയൽ ചെയ്യാൻ പോലീസിനോട് നിർദ്ദേശിച്ചിരിക്കുകയാണ്. പീഡിപ്പിച്ച ശേഷം ഈ വിവരം പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായി അതിജീവിത പോലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. കഴിഞ്ഞ ഡിസംബർ 14 -ാം തീയതി ആയിരുന്നു സംഭവം നടന്നത് .ഇയാളുടെ ഭീഷണി കാരണം ഈ വിവരം പുറത്തു പറയാൻ അതിജീവിത തയ്യാറായില്ല പിന്നീട് ഭർത്താവിനോട് വിവരങ്ങൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മാവേലിക്കര പോലീസ് ഇൻസ്പെക്ടർ മുമ്പാകെ പരാതി നൽകിയത്.
































