കോട്ടയം: എരുമേലിയിൽ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച യുവതിയെയും ഭർത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. എരുമേലി മുക്കൂട്ടുതറ മാറിടം കവല ഭാഗത്ത് കോലഞ്ചിറ വീട്ടിൽ കെ.ആർ രാഹുൽ(33), ഇയാളുടെ ഭാര്യ വി.ഐ ചിഞ്ചുമോൾ(29) എന്നിവരെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘം ചേർന്ന് ഡിസംബർ 31ന് രാത്രി ഏഴരയോടെ എരുമേലി എരുത്വാപ്പുഴ സ്വദേശിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ ഇവർ യുവാവിനെ മർദിക്കുകയും, കല്ലുകൊണ്ട് തലയ്ക്ക് ഇടിക്കുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ച യുവാവിന്റെ മാതാപിതാക്കളെയും ഇവർ മർദിച്ചു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. ഇവർക്ക് യുവാവിനോട് മുൻ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ യുവാവിന്റെ വീട്ടിൽ കയറി ആക്രമിച്ചത്.
പരാതിയെ തുടർന്ന് എരുമേലി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തെരച്ചിലിൽ ഇരുവരെയും പിടികൂടുകയുമായിരുന്നു. എരുമേലി സ്റ്റേഷൻ എസ്.എച്ച്.ഓ ഇ.ഡി ബിജു, എസ്.ഐ മാരായ ശാന്തി കെ. ബാബു, അബ്ദുൾ അസീസ്, ജയ്മോൻ, സി.പി.ഓ മാരായ ഹരീഷ്കുമാർ, മനോജ്, ഷഹീദാ ബീഗം എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്ക് വേണ്ടി തെരച്ചിൽ ശക്തമാക്കി.
































