ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തേക്കുമെന്ന ആശങ്കയിൽ ആം ആദ്മി പാർട്ടി നേതൃത്വം. കെജ്രിവാളിന്റെ വീട് രാവിലെ റെയ്ഡ് ചെയ്തേക്കാമെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാമെന്നും ബുധനാഴ്ച രാത്രി നിരവധി എഎപി നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു.
“ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ നാളെ പുലർച്ചെ ഇഡി റെയ്ഡ് ചെയ്യാൻ സാധ്യതയുണ്ട്,” പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) സന്ദീപ് പതക് സോഷ്യൽ മീഡിയയിൽ കുറിച്ചു. എഎപി മന്ത്രി അതിഷിയും സമാനമായ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. “നാളെ രാവിലെ അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ ഇ ഡി റെയ്ഡ് നടത്തുമെന്ന് വാർത്തകൾ വരുന്നു. അറസ്റ്റിന് സാധ്യതയുണ്ട്,” അതിഷി കുറിച്ചു.
മുതിർന്ന നേതാവ് ജാസ്മിൻ ഷായും ഇതേ അഭിപ്രായം തന്നെയാണ് പങ്കുവെച്ചത്, “നാളെ രാവിലെ ഇ ഡി കെജ്‌രിവാളിന്റെ വസതിയിൽ റെയ്ഡ് നടത്തുമെന്ന് ഉറവിടങ്ങൾ സ്ഥിരീകരിക്കുന്നു. അറസ്റ്റ് ചെയ്യപ്പെടാനാണ് സാധ്യത,” ജാസ്മിൻ ഷാ കുറിച്ചു.
മുതിർന്ന എഎപി നേതാക്കൾ ബുധനാഴ്ച രാത്രി തന്നെ കെജ്രിവാളിന്റെ വസതിയിലെത്തി. ഉന്നതതല ചർച്ച നടത്തിയ നേതാക്കൾ സംഭവ വികാസങ്ങൾ നിരീക്ഷിച്ച് വരികയാണെന്നും, വാർത്തയുടെ നിജസ്ഥിതി പരിശോധിക്കുകയാണെന്നും അറിയിച്ചു.
അതേസമയം, എഎപി നേതാക്കളുടെ സോഷ്യൽ മീഡിയ പോസ്റ്റുകളുടെ വെളിച്ചത്തിൽ, ബുധനാഴ്ച രാവിലെ ഇഡി ആസ്ഥാനത്തിന് പുറത്ത് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഡൽഹി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
കെജ്‌രിവാളിന് ഇതുവരെ മൂന്ന് തവണ ഇഡി സമൻസ് അയച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഡിസംബർ 21ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കെജ്രിവാൾ ഹാജരായില്ല. ഇതിന് പിന്നാലെ ഇന്നലെയും ഇ ഡി കെജ്രിവാളിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നൽകി.































