ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്എഫ്‌ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചു നടത്തിയ പ്രതിഷേധത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ചേര്‍ത്ത് റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് നിര്‍ദേശം. ഗവർണറുടെ സുരക്ഷാ വീഴ്ച്ചയില്‍ ഡിസിപി അന്വേഷണം നടത്തും. ഗവര്‍ണറുടെ വഴി തടഞ്ഞ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ തിരുവനന്തപുരം സിറ്റിയില്‍ നാല് കേസുകളാണ് നിലവിൽ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കന്റോണ്‍മെന്റ് സ്റ്റേഷനില്‍ രണ്ട്, പേട്ട, വഞ്ചിയൂര്‍ എന്നീ സ്റ്റേഷനുകളില്‍ ഓരോ കേസ് വീതവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് ഇതില്‍ രണ്ട് കേസുകള്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 19 പേരെ ഇതിനകം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവില്‍ 12 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
































