പാലക്കാട്: നെന്മാറയിൽ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെന്നത്ത് ജോണാണ് ശിക്ഷാവിധി പ്രസ്താവിച്ചത്. വധശിക്ഷയ്ക്ക് പുറമെ 30 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് കോടതി നിരീക്ഷിച്ചു.
പിഴത്തുകയായ 30 ലക്ഷത്തിൽ 20 ലക്ഷം രൂപ കൊല്ലപ്പെട്ട സുധാകരന്റെ മക്കളായ അഖില, അതുല്യ എന്നിവർക്ക് നൽകണമെന്ന് കോടതി ഉത്തരവിട്ടു. പിഴയടച്ചില്ലെങ്കിൽ പ്രതി മൂന്നുവർഷം കൂടി തടവുശിക്ഷ അനുഭവിക്കണം.
ബിഎൻഎസ് (BNS) വകുപ്പ് 103(1), 126(2) എന്നിവ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കൃത്യം നടന്ന് ഒന്നര വർഷത്തിന് ശേഷമാണ് കേസിൽ അന്തിമ വിധി വരുന്നത്. വിചാരണ വേളയിൽ ഉന്നയിക്കപ്പെട്ട എല്ലാ ആരോപണങ്ങളും പ്രതി നിഷേധിച്ചിരുന്നുവെങ്കിലും അന്തിമവാദങ്ങൾ പൂർത്തിയായതോടെ കോടതി പ്രതി കുറ്റക്കാരനാണെന്ന് വിധിക്കുകയായിരുന്നു.
2025 ജനുവരി 27-നാണ് പോത്തുണ്ടി ബോയൻ നഗർ സ്വദേശിയായ സുധാകരനെയും അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മിയെയും ചെന്താമര വധിച്ചത്. 2026 ഫെബ്രുവരി 23-നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. കേസിൽ ആകെ 81 സാക്ഷികളുണ്ടായിരുന്നതിൽ 46 പേരുടെ മൊഴികളാണ് കോടതി കേട്ടത്. ശിക്ഷാവിധിയെക്കുറിച്ചുള്ള വാദം കേട്ട ശേഷമാണ് കോടതി അന്തിമ വിധി പ്രസ്താവിച്ചത്.































