ഇംഫാൽ: ഇംഫാലിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (ആർ.ഐ.എം.എസ്) ചികിത്സയിലായിരുന്ന മൂന്ന് കുക്കി-സോ യുവാക്കളെ കടുത്ത പ്രതിഷേധത്തെ തുടർന്ന് അർദ്ധരാത്രിയോടെ ചുരാചന്ദ്പൂരിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് ദിവസമായി ആശുപത്രിക്ക് മുന്നിൽ നടന്നുവന്ന ശക്തമായ ജനകീയ പ്രതിഷേധത്തെ തുടർന്നാണ് ഈ അടിയന്തര നടപടി.
കഴിഞ്ഞ തിങ്കളാഴ്ച കാംഗ്പോക്പി ജില്ലയിൽ കുക്കി-സോ, നാഗാ വിഭാഗങ്ങൾ തമ്മിലുണ്ടായ വെടിവെയ്പിലാണ് ഇവർക്ക് പരിക്കേറ്റത്. തുടർന്ന് സുരക്ഷാ സേനയാണ് ഇവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി സംസ്ഥാനത്തെ പ്രമുഖ കേന്ദ്ര സർക്കാർ ആരോഗ്യ സ്ഥാപനമായ ആർ.ഐ.എം.എസിൽ എത്തിച്ചത്. എന്നാൽ, ഇവർക്ക് ഇവിടെ ചികിത്സ നൽകുന്നതിനെതിരെ ഒരു വിഭാഗം ആളുകൾ രംഗത്തിറങ്ങുകയായിരുന്നു.
ഗുരുതരമായ പരിക്കുകളോടെ എത്തിയവർക്ക് അടിയന്തര വൈദ്യസഹായം പോലും നിഷേധിക്കുന്ന രീതിയിൽ ആളുകൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത് തികച്ചും നിർഭാഗ്യകരമാണ്,” എന്ന് കുക്കി ഇൻപി മണിപ്പൂർ ഇൻഫർമേഷൻ സെക്രട്ടറി ജാങ്ഹൗലുൻ ഹാക്കിപ് പ്രതികരിച്ചു.
ചൊവ്വാഴ്ച അർദ്ധരാത്രി കഴിഞ്ഞ് 12:15 ഓടെ കനത്ത സുരക്ഷാ വലയത്തിലാണ് യുവാക്കളെ ആശുപത്രിയിൽ നിന്നും മാറ്റിയത്. ഈ സമയത്തും ആശുപത്രിക്ക് പുറത്ത് തടിച്ചുകൂടിയിരുന്ന പ്രതിഷേധക്കാരെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വകഞ്ഞുമാറ്റേണ്ടി വന്നു. ആർ.ഐ.എം.എസിൽ നിന്നും ഏകദേശം 60 കിലോമീറ്റർ അകലെയുള്ള കുക്കി-സോ ഭൂരിപക്ഷ പ്രദേശമായ ചുരാചന്ദ്പൂരിലെ ആശുപത്രിയിൽ ഇവരെ സുരക്ഷിതമായി എത്തിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥരും മെഡിക്കൽ കോളേജ് അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.




























