മറൈൻഡ്രൈവിൽ രാത്രി നിയന്ത്രണം ഏർപ്പെടുത്തിയ സംഭവത്തിൽ 30ന് ചേരുന്ന അവലോകന യോഗത്തിലേ കൂടുതൽ കാര്യങ്ങൾ ചർച്ചചെയ്ത് തീരുമാനിക്കൂവെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു.
പ്രത്യേകിച്ച് നിരോധനമോ മറ്റോ അവിടെ ഏർപ്പെടുത്തിയിട്ടില്ല. ഉണ്ടെങ്കിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി ജി.സി.ഡി.എ നിരോധന ബോർഡ് വെക്കുമായിരുന്നു.
മറൈൻഡ്രൈവ് പരിസരത്ത് താമസിക്കുന്നവരുടെ പരാതികളെ തുടർന്നാണ് മുമ്പ് ചേർന്ന ജി.സി.ഡി.എ യോഗത്തിൽ താൽക്കാലിക നിയന്ത്രണത്തിന് തീരുമാനമെടുത്തത്. ഇതിന്റെ അവലോകനയോഗം ബുധനാഴ്ച നടക്കേണ്ടതായിരുന്നു. ചില അസൗകര്യങ്ങളെത്തുടർന്ന് 30ലേക്ക് മാറ്റുകയായിരുന്നു. നിയന്ത്രണ തീരുമാനം അറിഞ്ഞ് ആളുകൾ രാത്രി ഇങ്ങോട്ടുള്ള വരവ് കുറച്ചിട്ടുണ്ട്. പൊലീസിന് ആവശ്യമായ അംഗബലമില്ലാത്തതും സുരക്ഷ കാമറകളുടെ കുറവും മറൈൻഡ്രൈവിൽ വെല്ലുവിളിയാണെന്നും മേയർ വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.































