മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ പുനരധിവാസം സംബന്ധിച്ച് പ്രതിപക്ഷവുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവും ഉപനേതാവുമായി കഴിയുമെങ്കിൽ നാളെ തന്നെ ചർച്ച നടത്തുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
പുനരുദ്ധാരണ പാക്കേജും ജീവിതോപാധിയും ഉറപ്പാക്കും. ഭാവിയിൽ രണ്ടാം നില കൂടി പണിയാവുന്ന രീതിയിൽ ആയിരം സ്ക്വയർ ഫീറ്റിൽ ഒരുനില വീടുകളാണ് ഇപ്പോൾ പണിയുന്നത്. രണ്ട് ടൗൺഷിപ്പുകളിലായി ആയിരം വീടുകൾ പണിയും. മേൽനോട്ടത്തിന് ഉന്നതാധികാര സമിതി ഉണ്ടാകും. ആർക്കെങ്കിലും സഹായം ലഭിക്കാതെ പോയാൽ അതിൽ പരിശോധനകൾ നടത്താൻ സംവിധാനം ഉണ്ട്. അത് ഹൈക്കോടതി തന്നെ നിരീക്ഷിക്കുന്നുണ്ട്. പ്രതിപക്ഷം ചില കേന്ദ്രങ്ങളിൽ നിന്നുള്ള വിമർശനങ്ങൾ ഏറ്റുപിടിച്ചില്ല. അത് സ്വാഗതാർഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാം നഷ്ടമായവരെ പുതുജീവിതത്തിലേക്ക് കൊണ്ടുവരികയാണ് സർക്കാർ ലക്ഷ്യം. അതിന് സമയമെടുക്കും. പ്രതിപക്ഷ സഹകരണം വേണമെന്നും മുഖ്യമന്ത്രി നിയമസഭയിൽ അഭ്യർത്ഥിച്ചു.
തിരച്ചിലിലും പുനരധിവാസ പ്രവർത്തനങ്ങളിലും വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അറിയിച്ച മുഖ്യമന്ത്രി ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തുകയും ചെയ്തു. മുണ്ടക്കൈ-ചൂരൽമല മേഖലയിൽ ഉണ്ടായത് സമാനതകളില്ലാത്ത ദുരന്തമാണ്. ദുരന്ത ബാധിതരായ 794 കുടുംബങ്ങളെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വാടകയ്ക്ക് താമസ സൗകര്യം കണ്ടെത്തുകയും 28 ദിവസത്തിനുള്ളിൽ അവരെ മാറ്റി താമസിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.

































