കോട്ടയം : മദ്യപിച്ചെത്തി നിരന്തരം വഴക്കുണ്ടാക്കിയ മകനെ തലക്കടിച്ചു കൊന്ന മാതാവ് റിമാൻഡിൽ. കുഴിമാവ് 116 ഭാഗത്ത് തോപ്പിൽ അനുദേവനെ (46) കൊലപ്പെടുത്തിയ കേസിൽ മാതാവ് സാവിത്രിയെയാണ് (68) കാഞ്ഞിരപ്പള്ളി കോടതി റിമാൻഡ് ചെയ്തത്. സ്ഥിരം മദ്യപാനിയായ അനുദേവൻ വീട്ടിലെത്തി മാതാവിനെ അസഭ്യം പറയുകയും മർദിക്കുന്നതും പതിവായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം
മദ്യലഹരിയിലെത്തിയ ഇയാൾ മാതാവിന് നേരെ ആക്രമണം തുടങ്ങിയതോടെ സഹിക്കവയ്യാതെ വീട്ടിലുണ്ടായിരുന്ന കോടാലിയെടുത്ത് അവർ തലക്ക് അടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ അനുദേവനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും മാതാവുതന്നെ എത്തിക്കുകയായിരുന്നു. കയ്യാലയിൽനിന്ന് താഴ്ചയിലേക്ക് വീണ് തലക്ക് പരിക്കേറ്റെന്നാണ് അവർ ആശുപത്രി അധികൃതരെ അറിയിച്ചത്
എന്നാൽ, ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ ഇയാൾ മരിച്ചു. ഡോക്ടർക്കുണ്ടായ സംശയവും ബന്ധുക്കളുടെ മൊഴിയിലെ വൈരുദ്ധ്യവും സംശയത്തിന് ഇടവരുത്തി. തുടർന്ന് മുണ്ടക്കയം സി.ഐ എ. ഷൈൻകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.
സ്വയരക്ഷക്ക് വേണ്ടിയാണ് കൊലനടത്തിയതെന്ന് മാതാവ് പൊലീസിന് മൊഴി നൽകി. ഫോറൻസിക് അധികൃതരും പൊലീസും സംഭവസ്ഥലത്തെത്തി. സാവിത്രിയെ സംഭവസ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പു നടത്തി.
കസ്റ്റഡിയിലായ സാവിത്രി അർബുദ ബാധിതയാണ്. പരേതനായ ദാമോദരന്റെ മകനാണ് അനുദേവൻ. അനുദേവന് ഭാര്യയും മക്കളും ഉണ്ട്. ഇയാളുടെ ശല്യംമൂലം ഇവരുമായും വേർപ്പെട്ടായിരുന്നു ജീവിതം. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നു.































