ജിദ്ദ: യാത്രക്കാരുടെ അവകാശങ്ങൾ പാലിക്കാത്തതിന് ഈ വർഷം മൂന്നാം പാദത്തിൽ വിമാന കമ്പനികൾക്ക് 86 ലക്ഷത്തിലേറെ പിഴ ചുമത്തിയതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. അതോറിറ്റിക്കു കീഴിലെ പ്രത്യേക കമ്മിറ്റിയാണ് വിമാന കമ്പനികളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങൾ പരിശോധിച്ച് പിഴകൾ ചുമത്തിയത്. മൂന്നു മാസത്തിനിടെ വിമാന കമ്പനികളുടെയും യാത്രക്കാരുടെയും ഭാഗത്ത് ആകെ 197 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിന് ആകെ 86,98,100 റിയാൽ പിഴ ചുമത്തി.
യാത്രക്കാരുടെ അവകാശ സംരക്ഷണ നിയമാവലി പാലിക്കാത്തതുമായി ബന്ധപ്പെട്ട 177 നിയമ ലംഘനങ്ങൾ വിമാന കമ്പനികളുടെ ഭാഗത്ത് കണ്ടെത്തി. ഇതിന് ആകെ 84,60,000 റിയാലാണ് പിഴ ചുമത്തിയത്. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ നിയമവും അതോറിറ്റിയുടെ നിർദേശങ്ങളും പാലിക്കാത്തതിന് നാലു വിമാന കമ്പനികൾക്ക് ആകെ ഒന്നര ലക്ഷം റിയാലും പിഴ ചുമത്തി. ലൈസൻസ് വ്യവസ്ഥകൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട മൂന്നു നിയമ ലംഘനങ്ങളും വിമാന കമ്പനികളുടെ ഭാഗത്ത് കണ്ടെത്തി. ഇതിന് ആകെ 60,000 റിയാൽ പിഴ ചുമത്തി.
വ്യക്തികളുടെ ഭാഗത്ത് 13 നിയമ ലംഘനങ്ങളാണ് മൂന്നാം പാദത്തിൽ കണ്ടെത്തിയത്. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനിൽ നിന്ന് ലൈസൻസ് നേടാതെ ഡ്രോണുകൾ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട നാലു നിയമ ലംഘനങ്ങൾക്ക് ആകെ 25,000 റിയാൽ പിഴ ചുമത്തി. വ്യോമയാന സുരക്ഷാ നിർദേശങ്ങൾ പാലിക്കാത്തതിന് ഒമ്പതു യാത്രക്കാർക്ക് ആകെ 3.100 റിയാലും പിഴ ചുമത്തി.

































