ജിദ്ദ: സാമ്പത്തിക തട്ടിപ്പുകളിലൂടെ 2.2 കോടിയിലേറെ റിയാൽ കൈക്കലാക്കിയ രണ്ടു പ്രവാസികളെ സൗദിയിലെ പ്രത്യേക കോടതി 15 വർഷം വീതം തടവിന് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. പ്രതികളിൽ ഒരാൾക്ക് പത്തു ലക്ഷം റിയാലും രണ്ടാമന് അഞ്ചു ലക്ഷം റിയാലും പിഴ ചുമത്തി. തട്ടിപ്പുകളിലൂടെ സംഘം കൈക്കലാക്കിയ പണം കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. ശിക്ഷ പൂർത്തിയാക്കിയ ശേഷം പ്രതികളെ സൗദിയിൽ നിന്ന് നാടുകടത്താനും വിധിയുണ്ട്.
സൗദിയിലെ വിവിധ പ്രവിശ്യകളിൽ കോൾ സെന്ററുകൾ സ്ഥാപിച്ച് സർക്കാർ വകുപ്പുകളുടെ പ്രതിനിധികളാണെന്ന വ്യാജേന ഇരകളുമായി ഫോണിൽ ബന്ധപ്പെട്ടാണ് സംഘം തട്ടിപ്പുകൾ നടത്തിയത്. ആകെ 177 തട്ടിപ്പുകളിലൂടെ 2.2 കോടിയിലേറെ റിയാൽ ഇരുവരും അനധികൃതമായി സമ്പാദിച്ചതായി കണ്ടെത്തി.
പ്രതികളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ ടാബ്ലറ്റുകളും വിദേശ സിം കാർഡുകളും തട്ടിപ്പ് കോളുകൾക്ക് ഉപയോഗിക്കുന്ന രണ്ടു നൂതന ഉപകരണങ്ങളും തട്ടിപ്പ് പ്രവർത്തനങ്ങൾ പൂർണമായും നിയന്ത്രിക്കുന്ന കൺട്രോളറും കണ്ടെത്തി. തട്ടിപ്പുകളിലൂടെ ഇരുവരും കൈക്കലാക്കിയ പണം (ട്രാക്ക് ചെയ്ത് കണ്ടെത്തി കസ്റ്റഡിയിലെടുത്ത് ഉടമകൾക്ക് തിരികെ നൽകാൻ പബ്ലിക് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചു. അന്വേഷണം പൂർത്തിയാക്കി ഇരുവർക്കുമെതിരായ കേസ് തെളിവുകൾ സഹിതം പബ്ലിക് പ്രോസിക്യൂഷൻ കോടതിക്ക് കൈമാറുകയും വിചാരണ പൂർത്തിയാക്കിയ കോടതി പ്രതികൾക്കുള്ള ശിക്ഷകൾ പ്രഖ്യാപിക്കുകയുമായിരുന്നു.

































