റിയാദ്: അനധിക്യത താമസക്കാരായ പ്രവാസികൾക്കെതിരായ നടപടികളുടെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ സൗദിയിൽ നിന്ന് 12,101 വിദേശികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം. വിവിധ നിയമ ലംഘനങ്ങൾക്ക് നേരത്തേ പിടിക്കപ്പെട്ട് താൽക്കാലിക ഷെൽട്ടറുകളിൽ കഴിയുന്ന ഇത്രയും പേരെയാണ് കഴിഞ്ഞ ആഴ്ച നാടുകളിലേക്ക് കയറ്റി അയച്ചത്.
രാജ്യത്തിൻറെ റസിഡൻസി, അതിർത്തി, തൊഴിൽ ചട്ടങ്ങൾ എന്നിവ ലംഘിക്കുന്നവർക്ക് യാത്രാ സൗകര്യമൊരുക്കുകയോ അഭയം നൽകുകയോ ജോലി നൽകുകയോ ചെയ്ത 10 പേരെയും പോലീസ് അറസ്റ്റ് ചെയ്തു. നുഴഞ്ഞുകയറ്റക്കാർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ അവർക്ക് യാത്രാ- താമസ സൗകര്യങ്ങൾ നൽകുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നും അവർക്ക് പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.
രാജ്യത്തിന്റെ താമസ നിയമങ്ങൾ ലംഘിച്ച 14,446 പേരു്വം അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് 4,780 പേരും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 3,490 പേരുമാണ് പിടിയിലായത്. മന്ത്രാലയത്തിൻ്റെ പ്രതിവാര അപ്ഡേറ്റ് അനുസരിച്ച്, 1,585 സ്ത്രീകൾ ഉൾപ്പെടെ മൊത്തം 15,752 നിയമവിരുദ്ധ താമസക്കാർ നിലവിൽ അച്ചടക്ക നടപടികൾക്ക് വിധേയരായി താൽക്കാലിക കേന്ദ്രങ്ങളിൽ കഴിയുന്നുണ്ട്. 2,232 നിയമലംഘകർ യാത്രാ റിസർവേഷൻ പൂർത്തീകരിച്ച് നാട്ടിലേക്ക് തിരിക്കാൻ തയ്യാറെടുത്ത് കഴിയുകയാണെന്നും അധികൃതർ അറിയിച്ചു.
അതിനിടെ, നിയമ ലംഘകരെ കണ്ടെത്തുന്നതിനായി രാജ്യത്തിൻ്റെ നാനാഭാഗങ്ങളിൽ നടത്തിയ റെയിഡുകളിലും വാഹന പരിശോധനകളിലുമായി 22,716 വിദേശികളെ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ പിടികൂടിയതായും സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. സെപ്തംബർ 12 മുതൽ 18 വരെ തീയതികൾക്കിടയിലാണ് ഇത്രയും പേര അറസ്റ്റിലായത്. രാജ്യത്തിന്റെ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനാണ് ഇവർ പിടിയിലായതെന്നും മന്ത്രാലയം വ്യക്തമാക്കി.































