കോഴിക്കോട്: ഭരണപക്ഷ എംഎൽഎ പി.വി. അൻവറിൻ്റെ വെളിപ്പെടുത്തലുകൾ അതീവ ഗുരുതരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് നേരെയാണ് ഈ ആരോപണങ്ങളുടെ കുന്തമുനയെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം.
അൻവറിന്റെ ആരോപണങ്ങൾ നിസാരമായി തള്ളിക്കളയാൻ കഴിയുന്നതല്ല. മുഖ്യമ ന്ത്രിയുടെ ഇഷ്ടതോഴന്മാരായ പി. ശശിക്കും അജിത് കുമാറിനും എതിരെയാണ് അൻവർ രംഗത്ത് വന്നിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ സംഘത്തിലെ തലവന്മാരെക്കുറിച്ചാണ് അൻവർ വെളിപ്പെടുത്തലുകൾ നടത്തിയത്. അതുകൊണ്ട് തന്നെ ഈ ആരോപണങ്ങളുടെ പ്രതിസ്ഥാനത്തുള്ളത് മുഖ്യമന്ത്രിയാണെന്നും സലാം പറഞ്ഞു.
ആഭ്യന്തര വകുപ്പിന്റെ നിർജ്ജീവാവസ്ഥയും പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളുമാണ് പുറത്ത് വരുന്നത്. ഇത് കേരളീയ സമൂഹത്തിൽ ഉണ്ടാക്കുന്ന ആഘാതം ഗുരുതരമായിരിക്കും.
മുഖ്യമന്ത്രിയുടെ പോലും ഫോൺ ചോർത്തി എന്ന് പറഞ്ഞാൽ രാജിവച്ച് വേറെ പണിക്ക് പോകുന്നതാണ് നല്ലതെന്നും സലാം കൂട്ടിച്ചേർത്തു.































