തിരുവനന്തപുരം: പി.വി. അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സ്വർണക്കടത്തും കൊലപാതകവും ഉൾപ്പെടെ നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നടക്കുന്നത് എന്നാണ് ഭരണപക്ഷ എംഎൽഎയുടെ വെളിപ്പെടുത്തൽ.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിലെ രണ്ടു പേരുടെ പേരാണ് പുറത്ത് വന്നത്. ആരോപണ വിധേയരെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു. സ്വർണക്കടത്ത് ഒളിച്ചുവയ്ക്കുന്നതിനായി ഒരാളെ കൊലപ്പെടുത്തി.
അത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ അറിവോടെയാണ് നടന്നത്. എഡിജിപി അജിത്കുമാറാണ് ഇതിന് പിന്നിലെന്നുമാണ് അൻവറിന്റെ ആരോപണം. സ്വർണക്കള്ളക്കടത്ത് നടത്തിയതിൻ്റെ പേരിൽ ജയിലിലായ ആളാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നടക്കുന്നത് മുഴുവൻ നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് എന്നാണ് സ്വന്തം എംഎൽഎ പറയുന്നത്. അതിനാൽ അൻവർ ഉന്നയിച്ച എല്ലാ കാര്യങ്ങളിലും സിബിഐ അന്വേഷണം വേണമെന്ന് വി.ഡി.സതീശൻ പറഞ്ഞു.































