എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മുതിർന്ന സിപിഐഎം നേതാവ് ഇ പി ജയരാജനെ നീക്കി. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലായിരുന്നു തീരുമാനം. അച്ചടക്ക നടപടിയുടെ ഭാഗമായാണ് നീക്കം. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കുകയാണ്. ഇതിന് മുന്നോടിയായി കൂടിയാണ് നടപടി.
ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇ പി ജയരാജന് നടത്തിയ കൂടിക്കാഴ്ച വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. ബിജെപി പ്രവേശനത്തിൽ ഇപിയുമായി 3 വട്ടം ചർച്ച നടത്തിയെന്ന് ശോഭ സുരേന്ദ്രൻ്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച പുറത്തറിഞ്ഞത്. പ്രകാശ് ജാവദേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ച ആയിരുന്നില്ലെന്നും അതിനാലാണ് പാര്‍ട്ടിയെ അറിയിക്കാത്തിരുന്നത് എന്നുമായിരുന്നു വിഷയത്തില്‍ ഇ പിയുടെ വിശദീകരണം.
പ്രതിപക്ഷം ഉന്നയിച്ച ഇപി ജയരാജന്-ബിജെപി ബന്ധം സത്യമാണെന്ന് തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പ്രതികരിച്ചു. കേരളത്തിലെ സിപിഎമ്മിന് ബിജെപിയുമായി ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണം ശരിയായി. ജാവദേക്കറെ ഇപിയും മുഖ്യമന്ത്രിയും എന്തിന് കണ്ടുവെന്നും സതീശന് ചോദിച്ചു. കേസുകൾ ദുർബലമാക്കാന്‍ മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ജാവദേക്കറെ ഇപി ജയരാജന് കണ്ടതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ജയരാജന് പകരം മുന്‍ മന്ത്രി ടി പി രാമകൃഷ്ണൻ എൽഡിഎഫ് കൺവീനർ സ്ഥാനത്തെത്തുമെന്ന് സൂചന. ഇന്ന് നടക്കുന്ന സംസ്ഥാന സമിതി യോഗത്തിൽ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. ഒന്നാം പിണറായി വിജയൻ മന്ത്രി സഭയിൽ എക്സൈസ്- തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു ടിപി രാമകൃഷ്ണൻ. നിയമസഭയിൽ പേരാമ്പ്ര നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ടി പി നിലവിൽ എൽഡിഎഫ് എംഎൽഎമാരുടെ കോർഡിനേറ്റിങ് ചുമതലയുള്ള നേതാവ് കൂടിയാണ്.































