മക്ക: വിശുദ്ധ ഹറമിൽ ഹറംകാര്യ വകുപ്പ് പ്രവർത്തിപ്പിക്കുന്ന എയർ കണ്ടീഷനിംഗ് സംവിധാനം ലോകത്തെ ഏറ്റവും വലിയ എ.സി സംവിധാനമാണെന്ന് റിപ്പോർട്ട്. ഹറമിലെ എയർ കണ്ടീഷനിംഗ് സംവിധാനത്തിന്റെ ശേഷി 1,55,000 ടൺ ആണ്. രണ്ടു പ്രധാന നിലയങ്ങൾ വഴിയാണ് ഹറം ശീതീകരിക്കുന്നത്. ഇതിൽ പെട്ട അൽശാമിയ നിലയത്തിന്റെ ശേഷി 1,20,000 ടൺ ആണ്. ഈ നിലയം ഹറമിൽ നിന്ന് 900 മീറ്റർ ദൂരെയാണ്. രണ്ടാമത്തെ നിലയമായ അജ്‌യാദ് പ്ലാന്റിന്റെ ശേഷി 35,000 ടൺ ആണ്. ഇത് ഹറമിൽ നിന്ന് 500 മീറ്റർ ദൂരെയാണ്.
സന്ദർശകരുടെ സൗകര്യാർഥം വിശുദ്ധ ഹറമിലെ എ.സി എയർ അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് അണുവിമുക്തമാക്കി ദിവസേന ഒമ്പതു തവണ ശുദ്ധീകരിക്കുന്നു. രോഗാണുക്കളിൽ നിന്ന് 100 ശതമാനം ശുദ്ധീകരിച്ച് തുണത്ത വായു എയർ കണ്ടീഷനിംഗ്) ഉപകരണങ്ങൾ വിശുദ്ധ ഹറമിൽ എത്തിക്കുന്നു. ഹറംകാര്യ വകുപ്പിനു കീഴിലെ സാങ്കേതിക, മെയിന്റനൻസ്, ഫെസിലിറ്റീസ് മാനേജ്‌മെന്റ്കാര്യ വിഭാഗം ഹറമിലെ ഇലക്ട്രോ മെക്കാനിക്കൽ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.
സന്ദർശകരുടെ എണ്ണവും സാന്ദ്രതയും അനുസരിച്ച് ഹറമിന്റെ വിവിധ ഭാഗങ്ങളിൽ ശീതീകരിച്ച വായു സന്തുലിതമാക്കാൻ സാങ്കേതിക വിദഗ്ദർ പ്രവർത്തിക്കുന്നു. ഇത് അനുയോജ്യമായ ദക്ഷതയോടെ താപസുഖത്തിന്റെ തോത് നിലനിർത്താൻ സഹായിക്കുന്നു. സുരക്ഷയും സുരക്ഷാ മാർഗനിർദേശങ്ങളും കണക്കിലെടുത്ത്, ഒരു സംയോജിത വർക്ക് സിസ്റ്റവും ശരിയായ റഫറൻസുകളും മാർഗനിർദേശങ്ങളും അനുസരിച്ച് മെയിന്റനൻസ് പ്രവർത്തനങ്ങൾക്ക് സാങ്കേതിക വിദഗ്ദർ മേൽനോട്ടം വഹിക്കുന്നു.
20 മുതൽ 24 ഡിഗ്രി സെൽഷ്യസ് വരെ കണക്കാക്കുന്ന ശരാശരി താപനില അനുസരിച്ച് ബാഹ്യതാപനിലയുടെ ഉയർച്ചക്കും താഴ്ചക്കും ആനുപാതികമായി തീർഥാടകർക്ക് ആരോഗ്യകരമായ കാലാവസ്ഥ ഒരുക്കാൻ ഹറമിലെ താപനില വേനൽക്കാലത്തും ശൈത്യകാലത്തും അടക്കം വർഷം മുഴുവൻ നിയന്ത്രിക്കപ്പെടുന്നു. വേനൽക്കാലത്ത് എല്ലാ എയർ കണ്ടീഷനിംഗ് യൂനിറ്റുകളുടെയും എ.എച്ച് പ്രവർത്തനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കപ്പെടുന്നു. ശൈത്യകാലത്ത് മിക്ക യൂനിറ്റുകളും ബാഹ്യതാപനിലക്ക് അനുസൃതമായി അടച്ചിരിക്കും.































