നടൻ മോഹൻലാൽ ശനിയാഴ്ച ഇന്ന് മാധ്യമങ്ങളെ കാണും. ഉച്ചക്ക് തിരുവനന്തപുരത്ത വെച്ച് കാണുമെന്നാണ് വിവരം. തിരുവനന്തപുരത്ത് ഇന്ന് അദ്ദേഹം മൂന്ന് പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നശേഷം ഇതാദ്യമായിട്ടാണ് അദ്ദേഹം മാധ്യമങ്ങളെ കാണാൻ ഒരുങ്ങുന്നത്.റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമുണ്ടായ വിവാദങ്ങൾക്കിടെ കഴിഞ്ഞദിവസം മോഹൻലാൽ ‘അമ്മ’ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. കൂടാതെ 17 അംഗ ഭരണസമിതി പിരിച്ചുവിട്ടെന്നും വാർത്താകുറിപ്പിൽ അറിയിച്ചിരുന്നു.
ഇതിനെതിരെ ‘അമ്മ’യിൽനിന്നടക്കം വലിയ വിമർശനമാണ് ഉയർന്നിരുന്നത്. യുവ നടിയുടെ ലൈംഗിക ആരോപണത്തെ തുടർന്ന് സംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെയായിരുന്നു ഇത്. വാർത്താ സമ്മേളനം നടത്തി അമ്മയുടെ നിലപാട് വിശദീകരിച്ചതിന് പിന്നാലെയാണ് ലൈംഗികാരോപണത്തെ തുടർന്ന് സിദ്ദിഖിന് രാജിവെക്കേണ്ടി വന്നത്. ജൂലൈ 30 നാണ് ‘അമ്മ’യുടെ തിരഞ്ഞെടുപ്പ് നടന്ന് പുതിയ കമ്മറ്റി ചുമതലയേറ്റത്. സിദ്ദിഖിന് പുറമെയുള്ള 16 അംഗ കമ്മറ്റിയാണ് പിന്നാലെ രാജിവെച്ചത്. 506 അംഗങ്ങളാണ് താരസംഘടനയായ അമ്മയിൽ നിലവിലുള്ളത്
ഓൺലൈനായി ചേർന്ന യോഗത്തിലാണ് സംഘടനയുടെ എക്സിക്യുട്ടീവ് കമ്മിറ്റി രാജിവെക്കാൻ തീരുമാനിച്ചത്. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ധാർമിക ഉത്തരവാദിത്തം കണക്കിലെടുത്ത് രാജിവെക്കുന്നു എന്നാണ് വിശദീകരണം.































