ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വിലകുറച്ച് കാണരുതെന്ന് ബിജെപി നേതാവ് സ്മൃതി ഇറാനി. രാഹുൽ ഗാന്ധിയുടെ പ്രവർത്തന രീതിയിൽ വലിയ മാറ്റം വന്നെന്നും അദ്ദേഹം വിജയം അറിഞ്ഞു തുടങ്ങിയെന്നും സ്മൃതി ഇറാനി പറഞ്ഞു.
ജാതി രാഷ്ട്രീയം മുതൽ പ്രകോപിപ്പിക്കുന്ന പ്രസംഗങ്ങൾ വരെ അദ്ദേഹം നടത്തുന്നത് പുതിയ തന്ത്രത്തിൻ്റെ ഭാഗമാണ്. ജാതിയെക്കുറിച്ച് സംസാരിക്കുമ്പോഴും പാർലമെൻ്റിൽ വെള്ള ടീ ഷർട്ട് ധരിക്കുമ്പോഴും യുവാക്കൾക്ക് എന്ത് സന്ദേശമാണ് നൽകുക എന്നതിനെക്കുറിച്ച് അദ്ദേഹം ബോധവാനാണ്.
ഒരു പ്രത്യേകവിഭാഗത്തെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ള കരുതിക്കൂട്ടിയുള്ള പ്രവൃത്തികളാണ് അദ്ദേഹത്തിൻ്റേത്. അത് നല്ലതെന്നോ ചീത്തയെന്നോ അപക്വമെന്നോ നിങ്ങൾക്കു തോന്നിയാലും അതിനെ വിലകുറച്ചു കാണാനാവില്ല. അത് മറ്റൊരുതരം രാഷ്ട്രീയമാണ്.
അതേസമയം കോൺഗ്രസിൻ്റെ മൃദുഹിന്ദുത്വ സമീപനത്തെ സ്മൃതി ഇറാനി വിമർശിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണവേളകളിൽ രാഹുൽ ഗാന്ധി നടത്തിയ ക്ഷേത്ര സന്ദർശനങ്ങൾ പാർട്ടിക്കു ഗുണം ചെയ്തില്ല. മറിച്ച് അത് വോട്ടർമാരിൽ സംശയമാണുണ്ടാക്കിയത്.
ഇത്തരം പരാജയപ്പെട്ട തന്ത്രങ്ങളിൽ നിന്നു മാറിനിൽക്കാനുള്ള തീരുമാന ത്തെത്തുടർന്നാണ് അദ്ദേഹം വിജയിച്ചു തുടങ്ങിയതെന്നും സ്മൃതി ഇറാനി പറഞ്ഞു.
































