നടൻ സിദ്ദിഖിനെതിരെ അതീവ ഗൗരവകരമായ മൊഴി നൽകി യുവനടി. ക്രൂര ബലാത്സംഗം നടന്നതായി യുവതി മൊഴി നൽകിയതായാണ് വിവരം. പരാതിക്കാരിയായ നടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി. സംഭവം നടന്ന ദിവസത്തെ രേഖകൾ ഹാജരാക്കാൻ മസ്കറ്റ് ഹോട്ടലിന് നിർദേശവും നൽകിയിട്ടുണ്ട്.
നടിയുടെ രഹസ്യമൊഴി വ്യാഴാഴ്ച രേഖപ്പെടുത്തും. തിരുവനന്തപുരം കോടതിയിൽ വനിതാ മജിസ്ട്രേറ്റാണ് മൊഴി രേഖപ്പെടുത്തുക. മൊഴി രേഖപ്പെടുത്തിയതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. രഹസ്യമൊഴി രേഖപ്പെടുത്തിയതിന് ശേഷം എഫ്ഐആർ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയും പൂർണമായും കേസ് സംഘം ഏറ്റെടുക്കുമെന്നുമാണ് വിവരം. വനിതാ ഉദ്യോഗസ്ഥരാകും കേസിൽ മേൽനോട്ടം വഹിക്കുക.
കഴിഞ്ഞ ദിവസമാണ് നടി രേഖാമൂലം പരാതി നല്‍കിയത്. സിദ്ദിഖിനെതിരേ തെളിവുകള്‍ കൈവശമുണ്ടെന്നാണ് നടി അവകാശപ്പെട്ടിരുന്നത്. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉയര്‍ന്ന വനിതാ പോലീസുദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിന് പിന്നാലെയാണ് നടി രേഖാമൂലം പരാതി നല്‍കിയത്. സിദ്ദിഖിനെ സിനിമയില്‍ നിന്ന് വിലക്കണമെന്നും കൊടും ക്രിമിനലാണ് സിദ്ദിഖെന്നും നടി പറഞ്ഞിരുന്നു. ഹോട്ടല്‍ ജീവനക്കാരികളോട് സിദ്ദിഖ് മോശമായി പെരുമാറിയെന്നും നടി ആരോപിച്ചിരുന്നു.
































