ജിദ്ദ: ഉത്തര സൗദിയിലെ ജിദൈദ അറാർ അതിർത്തി പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട. ടൈൽസ് പോളിഷിംഗ് ഉപകരണങ്ങൾക്കകത്ത് ഒളിപ്പിച്ച് കടത്തിയ 3,49,710 ലഹരി ഗുളികകൾ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പിടികൂടി. സുരക്ഷാ സാങ്കേതികവിദ്യകളും പോലീസ് നായ്ക്കളെയും ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്.
മയക്കുമരുന്ന് ശേഖരം പിടികൂടിയ ശേഷം ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്സ് കൺട്രോളുമായി ഏകോപനം നടത്തി, മയക്കുമരുന്ന് ശേഖരം സൗദിയിൽ സ്വീകരിച്ച നാലു പേരെ അറസ്റ്റ് ചെയ്തതായും സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.
ദമാം – മയക്കുമരുന്ന് കടത്ത്, കൊലക്കേസ് പ്രതികളായ മൂന്നു സൗദി പൗരന്മാർക്ക് ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദിയിലേക്ക് ഹഷീഷ് ശേഖരം കടത്തുന്നതിനിടെ അറസ്റ്റിലായ അലി ബിൻ നാസിർ ബിൻ അലി അൽമരി, ഹമദ് ബിൻ സഈദ് ബിൻ സാലിം അൽമരി എന്നിവർക്ക് കിഴക്കൻ പ്രവിശ്യയിലും സൗദി പൗരൻ അബ്ദുൽ മുഹ്സിൻ ബിൻ ഹലീൽ ബിൻ സഫർ അൽസായിദിയെ കുത്തിക്കൊലപ്പെടുത്തിയ സാലിം ബിൻ സഈദ് ബിൻ മസ്ഊദ് അൽറബീഇക്ക് മക്ക പ്രവിശ്യയിലുമാണ് ശിക്ഷ നടപ്പാക്കിയത്.































