അബുദാബി: ഫാമിലി വീസയുടെ കാര്യത്തിൽ നിർണായക മാറ്റവുമായി യു.എ.ഇ. ഇനി കുടുംബത്തെ ഒപ്പം കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് തൊഴിൽമേഖല, തസ്തിക എന്നിവ പരിഗണിക്കാതെ കുടുംബത്തെ ഒപ്പംകൂട്ടാൻ സാധിക്കും. മാസശമ്പളവും താമസസൗകര്യവുമുള്ള ആർക്കും കുടുംബത്തെ എത്തിക്കാം. യു.എ.ഇയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികൾക്ക് ഏറെ ഗുണകരമാണ് പുതിയ മാറ്റം. മാസം 3,000 ദിർഹം (68,000 രൂപയ്ക്കടുത്ത്) ശമ്പളമുള്ളവർക്ക് കുടുംബത്തെ ഒപ്പം കൂട്ടാൻ സാധിക്കും. ഇതിന് മറ്റ് നിബന്ധകളൊന്നുമില്ല. താമസ സൗകര്യം ഒരുക്കുന്നതിന്റെ ചെലവ് വഹിക്കേണ്ടത് സ്പോൺസറാണ്. 4,000ദിർഹത്തിന് മുകളിൽ ശമ്പളമുള്ളവർക്ക് സ്പോൺസറുടെ സഹായമില്ലാതെ കുടുംബത്തെ എത്തിക്കാൻ സാധിക്കും.
പിതാവ് യു.എ.ഇയിൽ ജോലി ചെയ്യുന്നുണ്ടെങ്കിൽ മക്കളുടെ സ്പോൺസർഷിപ്പ് മാതാവിന് ലഭിക്കില്ല. പിതാവിന്റെ വിസയിൽ തന്നെ എത്തിക്കേണ്ടിവരും. ജോലി ചെയ്യാൻ അനുമതിയില്ലാത്ത താമസ വീസയാകും മക്കൾക്ക് മക്കൾക്ക് ലഭിക്കുക. ഭാര്യയ്ക്കും പതിനെട്ട് കഴിയാത്ത ആൺമക്കൾക്കും വിവാഹം കഴിയാത്ത പെൺമക്ൾക്കും കുടുംബനാഥന്റെ സ്പോൺസർഷിപ്പിൽ വിസ ലഭിക്കും. എന്നാൽ, യുഎഇയിൽ പഠിക്കുന്ന ആൺകുട്ടികൾക്ക് ഒരുവർഷ കാലാവധിയുള്ള വീസയാകും ലഭിക്കുക. ഇതു പഠനം കഴിയും വരെ പുതുക്കാം.
താൽക്കാലിക വിസയിൽ എത്തിയവരെ സ്ഥിരം ആശ്രിത വീസയിലേക്കു മാറ്റുമ്പോൾ കുടുംബം രാജ്യത്തെത്തിയ ദിവസം മുതൽ 2 മാസത്തിനകം സ്പോൺസർഷിപ് മാറ്റത്തിനുള്ള നടപടികൾ പൂർത്തിയാക്കണം. 18 വയസ്സിനു മുകളിലുള്ളവർക്ക് വീസ നടപടികൾ പൂർത്തിയാക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധവുമാണ്.

































