ഓട്ടോറിക്ഷാ പെർമിറ്റിൽ നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് നൽകി സർക്കാർ. ജില്ലാ പരിധി നീക്കിയതോടെ കേരളം മുഴുവൻ ഓട്ടോറിക്ഷകള്‍ക്ക് സർവീസ് നടത്താനാകും. ഓട്ടോറിക്ഷ ഇൻ ദ സ്റ്റേറ്റ് എന്ന രീതിയിൽ പെർമിറ്റ് സംവിധാനം മാറ്റും. പെർമിറ്റിൽ ഇളവ് ലഭിക്കുന്നതിനായി ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റ് ആയി രജിസ്ട്രർ ചെയ്യണം. യാത്രക്കാരുടെ സുരക്ഷ ഡ്രൈവർ ഉറപ്പുവരുത്തണമെന്ന നിബന്ധനയുമുണ്ട്. ഗതാഗത കമ്മിഷണറും ട്രാഫിക് ചുമതലയുള്ള ഐജിയും അതോറിറ്റി സെക്രട്ടറിയും ചേർന്നാണ് തീരുമാനമെടുത്തത്.
ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെർമിറ്റ് നല്‍കിയിരുന്നത്. ഓട്ടോകള്‍ക്ക് ദീർഘദൂര സർവീസ് നടത്തുന്നതിലെ അപകട സാധ്യത കണക്കിലെടുത്തുകൊണ്ടായിരുന്നു പെർമിറ്റ് നിയന്ത്രിയിച്ചിരുന്നത്. എന്നാൽ, പെർമിറ്റിൽ ഇളവ് വരുത്തണമെന്ന് സിഐടിയു പല പ്രാവശ്യം ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് ഇപ്പോൾ ഇളവ് നൽകിയിരിക്കുന്നത്. റോഡുകളിൽ ഓട്ടോയ്ക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം 50 കിലോമീറ്ററാണ്.
































