മഹാരാഷ്ട്രയിൽ ട്യൂഷൻ സെന്ററിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റ് ചെയ്‌തു. പാൽഘർ ജില്ലയിലെ നലസോപാരയിലാണ് സംഭവം.
14കാരിയായ പെൺകുട്ടിയെ ഇയാൾ പലപ്രാവശ്യം പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിൽ രോഷാകുലരായ മാതാപിതാക്കളും പെൺകുട്ടിയുടെ ബന്ധുക്കളും മറ്റ് നിരവധി പേരും പ്രതി അധ്യാപകനായി ജോലി ചെയ്യുന്ന സ്‌കൂളിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.
അമിത് ദുബെ (30) എന്ന പ്രതിയെ തിങ്കളാഴ്‌ച അറസ്റ്റ് ചെയ്‌തതായി പോലീസ് അറിയിച്ചു. ഈ വർഷം മാർച്ചിനും ജൂലൈയ്ക്കും ഇടയിലാണ് കുറ്റകൃത്യം നടന്നത്. പെൺകുട്ടിയെ വിവിധ കാരണങ്ങൾ പറഞ്ഞ് പ്രതി തന്റെ വീട്ടിലെ ട്യൂഷൻ സെൻ്ററിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ദുബെയ്ക്കെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുത്തു. പോക്സോ നിയമപ്രകാരമുള്ള കേസും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.































