വില്ലേജ് തലത്തില്‍ വായ്പേതര സഹകരണ സംഘങ്ങള്‍ക്കും ബാങ്കിങ് പ്രവര്‍ത്തനത്തിന് അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍. ബാങ്കിങ് കറസ്പോണ്ടന്റ് എന്ന നിലയിലാണ് വലിയ മാറ്റത്തിന് വഴിതുറക്കുന്ന അനുമതി നല്‍കുക. ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കാനും പ്രാദേശികതലത്തില്‍ ബാങ്കിങ് സേവനം മെച്ചപ്പെടുത്താനുമാണ് പുതിയ നീക്കം.
സംസ്ഥാന -ജില്ലാസഹകരണ ബാങ്കുകളുടെ ബാങ്കിങ് കറസ്പോണ്ടന്റായി കാര്‍ഷിക അനുബന്ധമേഖലകളിലായി പ്രവര്‍ത്തിക്കുന്ന എല്ലാ വിഭാഗം പ്രാഥമിക സഹകരണ സംഘങ്ങളെയും അനുവദിക്കണമെന്നാണ് നിര്‍ദേശം. ക്ഷീര സംഘങ്ങള്‍ക്കടക്കം അനുമതി ലഭിക്കും.
തൊഴിലാളികളും സാധാരണക്കാരുമായ ഒട്ടേറെപ്പേരാണ് സഹകരണസംഘങ്ങളിലെ അംഗങ്ങള്‍. സര്‍ക്കാര്‍ പദ്ധതികളുടെ സഹായം, സബ്സിഡി എന്നിവയെല്ലാം നേരിട്ട് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് ഇതിലൂടെ കഴിയുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
പുതിയ അക്കൗണ്ട് തുടങ്ങുക, നിക്ഷേപം സ്വീകരിക്കുക, പണം പിന്‍വലിക്കുക, മറ്റേതെങ്കിലും അക്കൗണ്ടിലേക്ക് പണം കൈമാറ്റം നടത്തുക, ഓണ്‍ലൈന്‍ പണമിടപാട് സംവിധാനമൊരുക്കുക എന്നിങ്ങനെ 23 ബാങ്കിങ് സേവനങ്ങള്‍ക്കുള്ള അനുമതിയാണ് പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ലഭിക്കുക.
സംസ്ഥാനത്ത് കേരളബാങ്കിനാണ് ഈ സേവനം പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് നല്‍കാനാകുന്നത്. സംസ്ഥാനത്ത് സഹകരണസംഘം രജിസ്ട്രാര്‍ക്ക് കീഴില്‍ 12,241 പ്രാഥമിക സഹകരണസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്ഷീരവകുപ്പിനുകീഴില്‍ 3370 സംഘങ്ങളുമുണ്ട്. 653 മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങളുമുണ്ട്. നിലവില്‍ പ്രാഥമിക സഹകരണബാങ്കുകളാണ് വില്ലേജുതലത്തില്‍ ബാങ്കിങ് സേവനം നല്‍കുന്നത്. ബാങ്കിങ് കറസ്പോണ്ടന്റുമാരെ നിശ്ചയിക്കുന്നതിന് സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകള്‍ക്ക് ആറ് നിബന്ധനകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്
ആറ് നിബന്ധനകള്‍
(1) റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകള്‍ക്ക് മാത്രമാണ് ബിസിനസ് കറസ്പോണ്ടന്റായി സംഘങ്ങളെ നിശ്ചയിക്കാനാകുക.
(2) ഈ ബാങ്കുകള്‍ കോര്‍ബാങ്കിങ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതാകണം.
(3) മൂലധന പര്യാപ്തത ഒന്‍പത് ശതമാനത്തിന് മുകളിലായിരിക്കണം.
(4) ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി പത്തുശതമാനത്തില്‍ താഴെയായിരിക്കണം.
(5) നിലവിലെ സാമ്പത്തികവര്‍ഷത്തില്‍ കാഷ് റിസര്‍വ് റേഷ്യോ, സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ എന്നിവ പാലിക്കുന്നതില്‍ വീഴ്ചയുണ്ടാകരുത്.
(6) ബാങ്ക് അറ്റലാഭത്തിലായിരിക്കണം.































