സംസ്ഥാനത്ത് നിപ സംശയത്തെത്തുടർന്ന് പരിശോധനയ്ക്ക് അയച്ച 42 സാംപിളുകള്‍ കൂടി നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുന്നവരും നെഗറ്റീവ് ഫലത്തില്‍ ഉള്‍പ്പെടുന്നു. ചികിത്സയിലുള്ളവരുടെ സ്ഥിതി മെച്ചപ്പെട്ടു വരുന്നതായും, ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും മന്ത്രി വീണാ ജോര്‍ജ്
നെഗറ്റീവ് ആയതില്‍ ഭൂരിഭാഗവും രോഗികളുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നവരാണ്. ഇത് വളരെ ആശ്വാസകരമായ കാര്യമാണെന്ന് മന്ത്രി പറഞ്ഞു. ഇന്നും 19 ടീമുകളുടെ പ്രവര്‍ത്തനം ഫീല്‍ഡില്‍ നടക്കുന്നുണ്ട്. സര്‍വൈലന്‍സിനെ സംബന്ധിച്ചിടത്തോളം, സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് തുടരുകയാണ്.
ഏതാണ്ട് ഭൂരിഭാഗവും കവര്‍ ചെയ്തിട്ടുണ്ട്. ഇനി കണ്ടുപിടിക്കാനുള്ളവരെ പൊലീസിന്റെ സഹായത്തോടുകൂടി, മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കൂടി കണ്ടെത്തി കോണ്‍ടാക്ട് ട്രേസ് ചെയ്യണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. തിരിച്ചറിഞ്ഞ ചിലരെ വിളിച്ചു ചോദിക്കുമ്പോള്‍ തങ്ങള്‍ അവിടെ ഉണ്ടായിരുന്നില്ലെന്ന മറുപടി ലഭിക്കുന്ന സാഹചര്യമുണ്ട്.































