ജിദ്ദ: ഈ വർഷം രണ്ടാം പാദത്തിൽ യാത്രക്കാരുടെ അവകാശങ്ങൾ ലംഘിച്ച വിമാന കമ്പനികൾക്കും സുരക്ഷാ നിർദേശങ്ങൾ പാലിക്കാത്ത യാത്രക്കാർക്കും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ 45 ലക്ഷത്തിലേറെ റിയാൽ പിഴ ചുമത്തി. മൂന്നു മാസത്തിനിടെ വിമാന കമ്പനികളുടെയും യാത്രക്കാരുടെയും മറ്റും ഭാഗത്ത് 111 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിന് ആകെ 45,83,900 റിയാലാണ് പിഴ ചുമത്തിയത്.
യാത്രക്കാരുടെ അവകാശ സംരക്ഷണ നിയമാവലി പാലിക്കാത്തതുമായി ബന്ധപ്പെട്ട 92 നിയമ ലംഘനങ്ങൾ വിമാന കമ്പനികളുടെ ഭാഗത്ത് കണ്ടെത്തി. ഇതിന് ആകെ 44 ലക്ഷം റിയാൽ പിഴ ചുമത്തി. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ നിർദേശങ്ങൾ പാലിക്കാത്തതിന് അഞ്ചു വിമാന കമ്പനികൾക്ക് ആകെ 1,40,000 റിയാലും പിഴ ചുമത്തി. അതോറിറ്റി നിർദേശങ്ങളും സിവിൽ ഏവിയേഷൻ വ്യവസ്ഥകളും പാലിക്കാത്തതിന് രണ്ടു കമ്പനികൾക്ക് ആകെ 30,000 റിയാൽ പിഴ ചുമത്തി.
ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ലൈസൻസ് നേടാതെ ഡ്രോണുകൾ ഉപയോഗിച്ചതിന് രണ്ടു വ്യക്തികൾക്ക് ആകെ 10,000 റിയാൽ പിഴ ചുമത്തി. വിമാനങ്ങൾക്കകത്ത് വ്യോമസുരക്ഷാ നിർദേശങ്ങൾ പാലിക്കാത്തതിനും മോശം പെരുമാറ്റത്തിനും പത്തു യാത്രക്കാർക്ക് ആകെ 3,900 റിയാലും രണ്ടാം പാദത്തിൽ പിഴ ചുമത്തി.































