തിരുവനന്തപുരം: മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുള്‍പൊട്ടല്‍ നേരിട്ട് ബാധിച്ച 10, 11, 12 വാര്‍ഡുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. ഇവിടെതൊഴിലുറപ്പ് പദ്ധതിയിലൂടെ 180 തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. തകര്‍ന്ന കെട്ടിടങ്ങളുടെ നഷ്ടപരിഹാരം കണക്കാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് പരിശോധന നടത്തുന്നുണ്ട്. പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങളുടെ വിവരങ്ങള്‍ വിദഗ്ധര്‍ പരിശോധിച്ച് തീരുമാനിക്കും.
ദുരിതാശ്വാസ ക്യാമ്പുകളിലും തെരച്ചില്‍ മേഖലയിലും ഭക്ഷണം, കുടിവെള്ളം എന്നിവയുടെ വിതരണം കാര്യക്ഷമമായാണ് നടക്കുന്നത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് ഭക്ഷണ വിതരണം. തെരച്ചില്‍ നടത്തുന്ന മേഖലകളില്‍ 4570 പ്രഭാത ഭക്ഷണ പാക്കറ്റുകളും 7877 ഉച്ചഭക്ഷണ പാക്കറ്റുകളും ഇന്നലെ വിതരണം ചെയ്തു.
ഉരുള്‍പൊട്ടലില്‍ നശിച്ച പ്രദേശത്തെ രണ്ട് റേഷന്‍ കടകളുടെ പ്രവര്‍ത്തനം മേപ്പാടിയില്‍ തന്നെ ആരംഭിച്ചു. ആവശ്യമായ സാധനങ്ങള്‍ എത്തിക്കാന്‍ മൊബൈല്‍ മാവേലി സ്റ്റോറുകളും സഞ്ചരിക്കുന്നുണ്ട്. അതത് മേഖലകളിലെ വില്ലേജ് ഓഫീസര്‍മാര്‍ ആവശ്യപ്പെടുന്നതിന് അനുസൃതമായി സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ നിന്നും അവശ്യവസ്തുക്കള്‍ ബന്ധപ്പെട്ട ക്യാമ്പുകളിലേക്ക് വിതരണം ചെയ്യുന്നുണ്ട്. പ്രകൃതിക്ഷോഭത്തില്‍ ആളുകള്‍ക്ക് നഷ്ടപ്പെട്ട ഗ്യാസ് സിലിണ്ടര്‍, റെഗുലേറ്റര്‍, പാസ്ബുക്ക് എന്നിവ ലഭ്യമാക്കുന്നതിന് ഗ്യാസ് ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ എല്ലാ റേഷന്‍ കടകളിലും ഓഗസ്റ്റ് മാസത്തെ വിതരണത്തിനുള്ള റേഷന്‍ സാധനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.
ദുരന്തബാധിതര്‍ക്കായി കൗണ്‍സലിംഗ് സേവനം നല്‍കി വരുന്നു. 2391 പേര്‍ക്ക് ഇതുവരെ കൗണ്‍സിലിങ് നല്‍കി. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടവര്‍ക്ക് പുതിയ ഫോണും സിം കാര്‍ഡും കണക്ടിവിറ്റിയും നല്‍കും. ദുരന്ത ബാധിത പ്രദേശങ്ങളിലെ റേഷന്‍ കടകള്‍ വഴി സൗജന്യ റേഷന്‍ വിതരണം ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുണ്ടക്കൈ, ചൂരല്‍മല ദുരന്ത ബാധിത മേഖലയില്‍ 24 മണിക്കൂറും മൊബൈല്‍ പൊലീസ് പട്രോളിംഗും ശക്തിപ്പെടുത്തി. നഷ്ടമായ രേഖകളുടെ വിവരശേഖരണം നടന്നു വരുന്നു. രേഖകള്‍ എത്രയും വേഗം ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കും ഇതിനായി അക്ഷയ, ഐടി മിഷന്‍, പഞ്ചായത്തുകള്‍ എന്നിവയെ ഏകോപിപ്പിച്ച് പ്രത്യേക സംവിധാനമൊരുക്കും. സര്‍ട്ടിഫിക്കറ്റുകളുടെ വീണ്ടെടുപ്പ് സുഗമമാക്കുന്നതിന് ക്യാമ്പുകള്‍ സംഘടിപ്പിക്കാനും ആലോചിക്കുന്നു.
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ څകുട്ടിയിടംچ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. കുട്ടികളെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാക്കി മാനസിക സംഘര്‍ഷം കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ക്യാമ്പുകളില്‍ കുട്ടികള്‍ ഒറ്റപ്പെട്ട് പോവുന്നത് തടയുക, ദുരന്തത്തിന്‍റെ നടുക്കുന്ന ഓര്‍മകളില്‍ നിന്നും കുട്ടികളെ മുക്തരാക്കുക എന്നിവയും പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നു.മുഖ്യമന്ത്രി പറഞ്ഞു.
കൗണ്‍സിലിങ്ങിനൊപ്പം ദുരന്തത്തിന് ഇരയായവരുടെ മാനസികാഘാതം ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി 121 പേരടങ്ങിയ പ്രത്യേക സംഘത്തിന് രൂപം നല്‍കി. ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിലാണ് ടീം രൂപീകരിച്ചത്. ആശുപത്രികള്‍, ദുരിതാശ്വാസ ക്യാമ്പുകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ കഴിയുന്നവര്‍ക്ക് മാനസികാരോഗ്യ ഹെല്‍പ്പ് ഡെസ്കുകള്‍ മുഖേന ടീം അംഗങ്ങള്‍ സേവനം ഉറപ്പാക്കും. കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവരുടെ പ്രശ്നങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കും.
ദുരന്തബാധിതരുടെ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന മേപ്പാടി ഗവ. ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ ക്യാമ്പ് മാറുന്ന മുറയ്ക്ക് ക്ലാസുകള്‍ ആരംഭിക്കും ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളിലേയും മുണ്ടക്കൈ ഗവ. ജി എല്‍ പി സ്ക്കൂളിലേയും അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിക്കുന്നതിന് നോഡല്‍ ഓഫീസറായി വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി. കുട്ടികള്‍ക്ക് ഗതാഗത സൗകര്യം ഒരുക്കും. കമ്പ്യൂട്ടറുകള്‍ ലഭ്യമാക്കും.
സപ്തംബര്‍ 2 മുതല്‍ 12 വരെ നടക്കുന്ന ഒന്നാം പാദ പരീക്ഷ വെള്ളാര്‍മല, മുണ്ടക്കൈ സ്കൂളുകളില്‍ മാറ്റിവെച്ചു. അവ പിന്നീട് നടത്തും. മറ്റേതെങ്കിലും വിദ്യാലയത്തില്‍ പരീക്ഷ മാറ്റിവെക്കേണ്ടതുണ്ടെങ്കില്‍ പൊതുവിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും. സ്കൂളുകള്‍ക്കാവശ്യമായ ഫര്‍ണിച്ചറുകള്‍ ലഭ്യമാക്കും. പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും സ്കൂള്‍ ബാഗും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് എല്ലാം ഉള്‍പ്പെടുന്ന സ്ക്കൂള്‍ കിറ്റ് നല്‍കും. ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്ക്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട്.
സമഗ്ര പുനരധിവാസത്തിന്‍റെ ഭാഗമായി ടൗണ്‍ഷിപ്പ് രൂപപ്പെടുമ്പോള്‍ വെള്ളാര്‍മല സ്കൂള്‍ അതേ പേരില്‍ തന്നെ പുനനിര്‍മ്മിക്കണമെന്നാണ് ഉദ്ദേശിക്കുന്നത്.മുഖ്യമന്ത്രി പറഞ്ഞു































