ബീഹാർ തലസ്ഥാനമായ പാറ്റ്നയിൽ പഞ്ചാബ് നാഷണൽ ബാങ്ക ശാഖ കൊള്ളയടിച്ചു ഏഴോളം കവർച്ചക്കാർ ചേർന്ന് 21 ലക്ഷം രൂപയാണ് കൊള്ളയടിച്ചത്. തിങ്കളാഴ്‌ചയായിരുന്നു സംഭവം.
ദുൽഹിൻബസാർ പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ജാമുയി കൊറയ്യ ഗ്രാമത്തിൽ ബൈക്കിലെത്തിയ മോഷ്ടാക്കളാണ് ബാങ്ക് കൊള്ളയടിച്ചതെന്ന് പൊലീസ് പറഞ്ഞു. ആയുധധാരികളായ കവർച്ചക്കാർ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ശാഖയിൽ പ്രവേശിച്ച് ജീവനക്കാരെയും ഇടപാടുകാരെയും തോക്കിൻ മുനയിൽ ബന്ദികളാക്കിയാണ് ബാങ്ക് കൊള്ളയടിച്ചത്.
ബാങ്ക് തുറന്ന് മണിക്കൂറുകൾക്ക് ശേഷമാണ് കവർച്ച നടന്നത്. സംഭവത്തിൽ ജില്ലാ പൊലീസ് അന്വേഷണം തുടങ്ങി. മോഷണത്തിനിടെ ബാങ്കിൽ സ്ഥാപിച്ചിരുന്ന സിസിടിവിയുടെ ഡിവിആറും കവർച്ചക്കാർ എടുത്തുകൊണ്ടു പോയി.































