വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ 221. ഞായറാഴ്ച്ച വൈകിട്ടു വരെ നടത്തിയ തിരച്ചിലില്‍ പരപ്പന്‍പാറയില്‍ നിന്നും നിലമ്പൂരില്‍ നിന്നുമായി രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തു. നിലമ്പൂരില്‍ നിന്നും ഏഴും സൂചിപ്പാറ ഭാഗത്തുനിന്നും ഒന്നും ശരീരഭാഗങ്ങൾ ലഭിച്ചു. തിരിച്ചറിയാത്ത 8 മൃതദേഹങ്ങള്‍ മേപ്പാടി പുത്തുമലയില്‍ സംസ്‌കരിച്ചു.
ദുരന്തത്തിൽ മരിച്ചവരുടെ മൃതശരീരങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നത്തിനുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരണം മേപ്പാടിയില്‍ ആരംഭിച്ചു.
ദുരന്ത പ്രദേശത്തെ 6 മേഖലകളിൽ വിവിധ സേനകളും സന്നദ്ധപ്രവർത്തകരും വ്യാപക തെരച്ചില്‍ നടത്തി. ഇവര്‍ക്കു പുറമെ രജിസ്റ്റര്‍ ചെയ്ത 1700 വോളണ്ടിയര്‍മാരും 188 സംഘങ്ങളായി തിരിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
ജില്ലയില്‍ 77 ദുരിതാശ്വാസ ക്യാമ്പുകളിലായി 8246 പേരെയാണ് പാർപ്പിച്ചിട്ടുള്ളത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നഷ്ടപ്പെട്ടുപോയ എസ്.എസ്.എല്‍.സി, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കുന്നതിന് പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
അട്ടമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, വെള്ളാർമല വില്ലേജ് റോഡ്, ജിവിഎച്ച്എസ്എസ് വെള്ളാർമല, പുഴയുടെ അടിവാരം എന്നീ മേഖലകളിൽ യന്ത്രോപകരണങ്ങളും അത്യാധുനിക സെന്‍സറുകളും വിന്യസിച്ചു കൊണ്ടുള്ള തെരച്ചിലാണ് നടന്നത്. പരപ്പൻപാറ ഭാഗത്ത് സൂചിപ്പാറയിൽ പാറയുടെ അടിയിൽ നിന്നും വനംവകുപ്പിനാണ് മൃതശരീരം ലഭിച്ചത്. ഹെലികോപ്റ്ററിലാണ് മൃതദേഹം എത്തിച്ചത്. പുഞ്ചിരിമട്ടത്ത് റോഡുകൾ ശുചീകരിച്ചു. ഇവിടെ സ്കാനർ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ശരീരഭാഗങ്ങൾ ഒന്നും കണ്ടെത്താനായില്ല. മുണ്ടക്കൈയിൽ സിഗ്നൽ കിട്ടിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല.
സ്കൂൾ കെട്ടിടത്തിന്റെ ഭാഗത്തും പുഴയുടെ വശങ്ങളിലും സ്കൂൾ റോഡിന്റെ മുകളിലും തിരിച്ചിൽ ഊർജിതമാക്കിയിരുന്നു. ചൂരൽമല ടൗൺ പ്രദേശത്ത് എട്ട് ഹിറ്റാച്ചികൾ ഉപയോഗിച്ച് തകർന്ന വീടുകളും വലിയ പാറകളും നീക്കി തെരച്ചിൽ നടത്തി. ബെയ്ലി പാലവും അരുവിയോട് ചേർന്നുള്ള ഭാഗവും വില്ലേജ് ഏരിയയിലെ റോഡും ഇന്ന് വൃത്തിയാക്കി. ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണവും നടത്തിയിരുന്നു.
പുഴയുടെ അടിഭാഗങ്ങളിൽ തിരച്ചിൽ നടത്തി. സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ താഴെ ഭാഗത്തും വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയിരുന്നു.
ഉരുൾപൊട്ടൽ നടന്ന തലേദിവസം മുണ്ടകൈ ഭാഗത്ത് കുടുങ്ങിയ കെഎസ്ആർടിസി ബസ് ബെയ്‌ലി പാലത്തിലൂടെ തിരികെ ചൂരൽമലയിൽ എത്തിച്ചു.
ദേശീയ ദുരന്തനിവാരണ സേനയുടെ (എന്‍.ഡി.ആര്‍.എഫ്) 120 അംഗങ്ങള്‍, വനം വകുപ്പില്‍ നിന്നും 40, സിവില്‍ ഡിഫന്‍സ് ഉള്‍പ്പെടെ ഫയര്‍ഫോഴ്‌സില്‍ നിന്നും 570 , പോലീസ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്- 50 , ഇന്ത്യന്‍ സേനയുടെ വിവിധ വിഭാഗങ്ങളായ മിലിറ്ററി എന്‍ജിനീയറിങ് ഗ്രൂപ്പ് , ഇലക്ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയേഴ്‌സ് ബ്രാഞ്ച്, ടെറിട്ടോറിയല്‍ ആര്‍മി, ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ് , നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവയില്‍ നിന്നായി 446, തമിഴ്‌നാട് ഫയര്‍ഫോഴ്‌സില്‍ നിന്നും 40 , ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ഡെല്‍റ്റ സ്‌ക്വാഡിലെ 15, കേരള പൊലീസിന്റെ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ 20 എന്നിങ്ങനെ ആകെ 1301 പേരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നത്.
കേരള പോലീസിന്റെ കെ.9 സ്‌ക്വാഡില്‍ പെട്ട ഒരു നായയും കരസേനയുടെ കെ. 9 സ്‌ക്വാഡില്‍ പെട്ട മൂന്നു നായകളും തമിഴ്‌നാട് ഫയര്‍ സര്‍വീസ് ഡോഗ് സ്‌ക്വാഡില്‍ നിന്നും 5 നായകളും ദൗത്യത്തില്‍ പങ്കെടുത്തു.
പുഞ്ചിരിമട്ടം- 149, മുണ്ടക്കൈ- 125, സ്‌കൂള്‍ പരിസരം- 723, ചൂരല്‍മല ടൗണ്‍- 186, വില്ലേജ് ഏരിയ-75, പുഴയുടെ താഴ് വാരം- 42 എന്നിങ്ങനെയാണ് ഓരോ സോണിലും നിയോഗിച്ചവരുടെ എണ്ണം.































