കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം ഇന്ന് പുനരാരംഭിക്കും. ദിവസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഗംഗാവലി നദിയിലെ അടിയൊഴുക്ക് വർദ്ധിച്ചതിനെ തുടര്‍ന്ന് ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
നിലവിൽ അടിയൊഴുക്ക് കുറഞ്ഞതിനെ തുടർന്നാണ് നാളെ മുതല്‍ രക്ഷാദൗത്യം വീണ്ടും ആരംഭിക്കുന്നത്. ലോറി ഉണ്ടെന്ന് കരുതുന്ന ഗംഗാവലി നദിയുടെ അടിയിലായിലായിരിക്കും പരിശോധന നടത്തുക.
മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുൻ ഉള്‍പ്പെടെയുള്ളവര്‍ക്കായി നാളെ തെരച്ചില്‍ തുടങ്ങുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചതായി എംകെ രാഘവൻ എംപി പറഞ്ഞു. ഗംഗാവലി പുഴയിലെ അടിയൊഴുക്കിന്‍റെ ശക്തി കുറഞ്ഞതിനാലാണ് വീണ്ടും തെരച്ചില്‍ പുനരാരംഭിക്കുന്നത്. മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മല്‍പെയും സംഘവും നാളെ വീണ്ടും പുഴയിലിറങ്ങി തെരച്ചില്‍ നടത്തുമെന്നാണ് വിവരം.
ഷിരൂരിലെ രക്ഷാദൗത്യം പ്രതിസന്ധിയിലാണെന്ന് മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റെ സഹോദരീ ഭർത്താവ് ജിതിൻ ഇന്ന് പ്രതികരിച്ചിരുന്നു. തെരച്ചിൽ എന്ന് പുനരാരംഭിക്കും എന്നതിൽ അറിയിപ്പ് ഒന്നും ലഭിച്ചില്ലെന്നും ജലനിരപ്പ് കുറഞ്ഞതിനാൽ നാളെ സ്വമേധയാ തെരച്ചിൽ ഇറങ്ങുമെന്ന് ഈശ്വർ മാൽപെ അറിയിച്ചതായും ജിതിൻ പറഞ്ഞിരുന്നു. ജില്ലാ കളക്ടർ, സ്ഥലം എംഎംഎ എന്നിവരെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും ജിതിൻ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഇക്കാര്യത്തില്‍ എംകെ രാഘവൻ എംപി കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്നാണ് തെരച്ചില്‍ നാളെ പുനരാരംഭിക്കുമെന്ന വിവരം ലഭിച്ചത്.































