ജിദ്ദ- സൗദിയിൽ ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പ്, ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് നിരീക്ഷണ ചുമതല സ്വകാര്യ മേഖലക്ക് നൽകാൻ ആഭ്യന്തര മന്ത്രാലയം നടപടികൾ ആരംഭിച്ചു. പത്തു വർഷ കാലാവധിയുള്ള കരാറിൽ ഡ്രൈവിംഗ് സ്കൂളുകളുടെ നടത്തിപ്പ്, ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് നിരീക്ഷണ പദ്ധതി കരാർ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന സ്വകാര്യ കമ്പനികളിൽ നിന്നും നിക്ഷേപകരിൽ നിന്നും താൽപര്യം പ്രകടിപ്പിച്ചുള്ള അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സൗദിയിലെ വിവിധ പ്രവിശ്യകളിൽ പ്രവർത്തിക്കുന്ന 69 ഡ്രൈവിംഗ് സ്കൂളുകളുടെ പ്രകടനവും ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് നടത്തിപ്പും നരീക്ഷിച്ച്, സൗദിയിൽ ഡ്രൈവിംഗ് സ്കൂളുകൾ വികസിപ്പിക്കാനും ഡ്രൈവിംഗ് പരിശീലനത്തിലും ലൈസൻസ് ടെസ്റ്റിലും മികച്ച പ്രകടനം കാഴ്ചവെക്കാനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ താൽപര്യത്തിന്റെ ഭാഗമായാണ് ദേശീയ സ്വകാര്യവൽക്കരണ സെന്ററുമായി സഹകരിച്ച് ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പ് നിരീക്ഷണ പദ്ധതി കരാർ സ്വകാര്യ മേഖലക്ക് നൽകുന്നത്.
സ്വദേശികൾക്കും വിദേശികൾക്കുമുള്ള ഡ്രൈവിംഗ് ടെസ്റ്റ് നടത്തിപ്പിലൂടെ സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക. ദേശീയ സ്വകാര്യവൽക്കരണ സെന്റർ വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷകൾ സമർപ്പിക്കാനുള്ള സമയം ഓഗസ്റ്റ് 25 ന് വൈകീട്ട് മൂന്നു മണിക്ക് അവസാനിക്കുമെന്ന് ആഭ്യന്തര മന്ത്രാലയവും ദേശീയ സ്വകാര്യവൽക്കരണ സെന്ററും അറിയിച്ചു.
































