ജിദ്ദ: റിയാദ്, ജിദ്ദ, മദീന, ദമാം നഗരങ്ങളിൽ പുതിയ ടാക്സി സർവീസ് കമ്പനിക്ക് അനുമതി നൽകാൻ ഗതാഗത മന്ത്രാലയം തീരുമാനിച്ചു. പുതിയ പബ്ലിക് ടാക്സി കമ്പനികൾക്കുള്ള ലൈസൻസ് അപേക്ഷകളും നിലവിലുള്ള പബ്ലിക് ടാക്സി കമ്പനികളിൽ പുതിയ ടാക്സികൾ ഏർപ്പെടുത്താനുള്ള അപേക്ഷകളും സ്വീകരിക്കുന്നത് നേരത്തെ ഗതാഗത
മന്ത്രാലയം നിർത്തിവെച്ചിരുന്നു. പുതിയ തീരുമാന പ്രകാരം ടാക്സി മേഖലയിൽ പ്രവർത്തിക്കാനുള്ള മിനിമം എണ്ണം കാറുകൾ ഇല്ലാത്ത സ്ഥാപനങ്ങൾക്ക് പുതിയ കാറുകൾ ഉൾപ്പെടുത്താം
2023 അവസാനത്തോടെയും അതിനു ശേഷവും പ്രവർത്തന കാലാവധി അവസാനിച്ചതിനാൽ സർവീസിൽ നിന്ന് ഒഴിവാക്കിയ ടാക്സികൾക്കു പകരവും ലൈസൻസുള്ള ടാക്സി കമ്പനികൾക്ക് പുതിയ കാറുകൾ ഏർപ്പെടുത്താവുന്നതാണ്. കാലാവധിയുള്ള ഓപ്പറേറ്റിംഗ് കാർഡോ കാലാവധി അവസാനിച്ച ഓപ്പറേറ്റിംഗ് കാർഡോ ഉള്ള, പ്രവർത്തന കാലാവധി അവസാനിക്കാത്ത കാറുകൾക്കു പകരവും ലൈസൻസുള്ള ടാക്സി കമ്പനികൾക്ക് പുതിയ കാറുകൾ ഏർപ്പെടുത്താവുന്നതാണ്.
ജിദ്ദ, റിയാദ്, ദമാം, മദീന നഗരങ്ങളിൽ പുതിയ ടാക്സി കമ്പനികൾക്ക് ലൈസൻസ് അനുവദിക്കുന്നതും നിലവിലുള്ള കമ്പനികളിൽ പുതിയ ടാക്സി കാറുകൾ ഏർപ്പെടുത്തുന്നതും നിർത്തിവെക്കാനാണ് ഗതാഗത മന്ത്രാലയം നേരത്തെ തീരുമാനിച്ചിരുന്നത്. ഈ നാലു നഗരങ്ങളിലും പബ്ലിക് ടാക്സി മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ ലൈസൻസ് പുതുക്കൽ അപേക്ഷകൾ സമർപ്പിക്കുമ്പോൾ കമ്പനികളിലുള്ള ടാക്സികളുടെ എണ്ണം പരിമിതപ്പെടുത്തി ലൈസൻസ് പുതുക്കി നൽകാനായിരുന്നു തീരുമാനം. ഇതിലാണിപ്പോൾ മന്ത്രാലയം ഇളവ് വരുത്തിയിരിക്കുന്നത്.
നാലു നഗരങ്ങളിലും പുതിയ ടാക്സി കമ്പനികൾക്ക് തുടർന്നും ലൈസൻസ് നൽകില്ല. നിലവിലുള്ള ടാക്സി കമ്പനികളിൽ ടാക്സി കാറുകളുടെ എണ്ണം ഉയർത്തുന്നതിനുള്ള വിലക്കും തുടരും. മിനിമം എണ്ണം പൂർത്തിയാക്കാത്ത കമ്പനികളെ മാത്രമാണ് മിനിമം എണ്ണത്തിൽ കവിയാത്ത നിലക്ക് പുതിയ ടാക്സികൾ ഉൾപ്പെടുത്താൻ അനുവദിക്കുക. മറ്റു കമ്പനികളെ പ്രവർത്തന കാലാവധി അവസാനിച്ചതിന്റെയും മറ്റും പേരിൽ സർവീസിൽ നിന്ന് അകറ്റിനിർത്തുന്ന ടാക്സികൾക്കു പകരം പുതിയ ടാക്സികൾ ഏർപ്പെടുത്തുവാൻ മാത്രമാണ് അനുവദിക്കുക.
































