കൊച്ചി: സ്ത്രീകളുടെ അന്തസിനും അഭിമാനത്തിനും കളങ്കമുണ്ടാക്കുന്ന ബലാത്സംഗം, പോക്സോ കേസ് തുങ്ങിയവ ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കാനാവില്ലെന്ന് ഹൈക്കോടതി. ഒത്തുതീര്‍പ്പെത്തിയെന്ന കാരണത്താല്‍ കേസ് റദ്ദാക്കാനും കഴിയില്ല. അതേസമയം പ്രതിയും ഇരയായ വ്യക്തിയും വിവാഹം കഴിച്ച് സമാധാനപരമായി ജീവിക്കുകയാണെങ്കില്‍ കേസ് റദ്ദാക്കുന്ന കാര്യത്തില്‍ മാനുഷിക പരിഗണന നല്‍കാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസ് പരിഗണിക്കുകയായിരുന്നു കോടതി. ഈ കേസിലെ പ്രതി പതിനേഴുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. പ്രതി പെണ്‍കുട്ടിയെ വിവാഹം കഴിച്ച് സന്തോഷമായി ജീവിക്കുകയാണെന്നും ക്രിമിനല്‍ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
ക്രിമിനല്‍ നടപടികള്‍ തുടര്‍ന്നാല്‍ കുടുംബ ജീവിതത്തെയും കുട്ടികളുടെ ക്ഷേമത്തെയും ബാധിക്കുമെന്നും കണ്ടെത്തിയ കോടതി ഇവര്‍ക്കെതിരെയുള്ള കേസ് റദ്ദാക്കി. ജസ്റ്റിസ് എ ബദറുദ്ദീന്‍ ആണ് കേസ് പരിഗണിച്ചത്.
































