ഒമാനിൽ സ്വന്തം സ്പോൺസർഷിപ്പിൽ അല്ലാത്തവരെ ജോലിക്കു നിയോഗിക്കുന്നത് ഗുരുതരമായ നിയമലംഘനമാണെന്നും ഇത്തരം കേസുകളിൽ 2000 ഒമാൻ റിയാൽ അഥവാ 4.35 ലക്ഷത്തിലേറെ രൂപ പിഴ ഉൾപ്പെടെയുള്ള ശിക്ഷ ലഭിക്കുമെന്നും റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. അനധികൃത കുടിയേറ്റക്കാരെ സ്ഥാപനങ്ങളോ വ്യക്തികളോ ജോലിക്ക് നിയമിക്കുന്നത് ദേശവിരുദ്ധ നടപടിയായാണ് കണക്കാക്കുക.
ഒമാനി ലേബർ നിയമം 53/2023 പ്രകാരം, ഒമാനിൽ ജോലി ചെയ്യാൻ ലൈസൻസ് ഇല്ലാത്ത ഒമാനി ഇതര തൊഴിലാളിയെ ജോലിക്ക് നിയമിക്കുന്നത് ശിക്ഷാർഹമായ കുറ്റകൃത്യമാണ്. അനധികൃത കുടിയേറ്റക്കാർക്കു പുറമെ, മറ്റൊരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ സ്പോൺസർഷിപ്പിലുള്ള ജീവനക്കാരെ ജോലിക്ക് നിയോഗിക്കുന്നതും കുറ്റകരമാണ്. ഇത്തരം കേസുകളിൽ 2000 റിയാൽ വരെ പിഴയ്ക്കു പുറമെ, 10 മുതൽ 30 ദിവസം വരെ തടവും ലഭിക്കുമെന്നും റോയൽ ഒമാൻ പോലീസിലെ ജോയിന്റ് ഓഫീസ് ഡയറക്ടർ അലി ബിൻ സാലിം അൽ സവായ് പറഞ്ഞു
ഇത്തരം തെറ്റായ പ്രവണതകൾ രാജ്യത്തിന്റെ സുരക്ഷ, സമ്പദ്വ്യവസ്ഥ, പൊതുജനാരോഗ്യം എന്നിവയെ നേരിട്ട് പ്രതികൂലമായി ബാധിക്കുന്നതിനാൽ ഇക്കാര്യത്തെ കുറിച്ചുള്ള ജാഗ്രത ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടാവണം. രാജ്യത്തേക്കുള്ള അനധികൃത കുടിയേറ്റങ്ങളും കള്ളക്കടത്തും തടയുന്നതിന് അതിർത്തികളിൽ ശക്തമായ നിരീക്ഷണ, സുരക്ഷാ സംവിധാനങ്ങൾക്ക് ഒമാൻ ഭരണകൂടം രൂപംനൽകിയിട്ടുണ്ട്. വലിയ പിഴയാണ് ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്. നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലും തൊഴിൽ വിപണയിലും വലിയ ദോഷം വരുത്തിവയ്ക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
































