റിയാദ്: നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്ന 11,655 പ്രവാസികളെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ സൗദി അറേബ്യ നാടുകടത്തിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. താമസം, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 20,093 പേർ പിടിയിലാവുകയും ചെയ്തു. ഇവരെ നാടുകടത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ജൂലൈ നാലിനും 10 നും ഇടയിൽ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള വിവിധ സുരക്ഷാ ഏജൻസികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിലാണ് ഇത്രയും പേർ പിടിയിലായത്.
പിടികൂടപ്പെട്ടവരിലും നാടുകടത്തപ്പെട്ടവരിലും നിരവധി ഇന്ത്യക്കാരും ഉൾപ്പെടും. ഇവരിൽ 12,460 പേർ റെസിഡൻസി നിയമങ്ങളും, 5,400 പേർ അതിർത്തി സുരക്ഷാ നിയമങ്ങളും, 2,233 പേർ തൊഴിൽ നിയമങ്ങളും ലംഘിച്ചതിനാണ് പിടിയിലായത്. 1,737 വ്യക്തികൾ രാജ്യത്തേക്ക് അനധിക്യതമായി അതിർത്തി കടക്കാൻ ശ്രമിച്ചതിന് അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥരുടെ പടിയിലായി. അവരിൽ 57 ശതമാനം പേർ എത്യോപ്യക്കാരും 42 ശതമാനം പേർ യമനികളും ബാക്കി ഒരു ശതമാനം പേർ മറ്റ് രാജ്യക്കാരുമാണ്. നിയമലംഘകർക്ക് ഗതാഗത സൗകര്യം ഒരുക്കുകയും അഭയവും ജോലിയും നൽകുകയും ചെയ്ത 16 പേരും അറസ്റ്റിലായവരിൽ ഉൾപ്പെടും. നിയമങ്ങൾ ലംഘിച്ചതിന് നേരത്തേ പിടിയിലായി 18,209 പുരുഷന്മാരും 1,632 സ്ത്രീകളും ഉൾപ്പെടെ 19,841 പ്രവാസികളെ നാടുകടത്തുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചു വരികയാണെന്നും അധിക്യതർ അറിയിച്ചു.
രാജ്യത്തിലേക്ക് നിയമവിരുദ്ധമായി പ്രവേശിക്കുന്നവർക്കും തൊഴിൽ വിസ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് കഴിയുന്നവർക്കും ഗതാഗത സൗകര്യങ്ങളോ താമസ സൗകര്യങ്ങളോ ഏർപ്പെടുത്തുന്നത് ഗുരുതരമായ കുറ്റമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരക്കാർക്ക് 15 വർഷം വരെ തടവും പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 10 ലക്ഷം റിയാൽ വരെ പിഴയും ചുമത്തും. അതോടൊപ്പം ഗതാഗതത്തിന് ഉപയോഗിച്ച വാഹനങ്ങളും താമസിപ്പിച്ച വീടുകളും കണ്ടുകെട്ടുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം നിയമ ലംഘനങ്ങൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മക്ക, റിയാദ്, കിഴക്കൻ മേഖലകളിൽ 911 എന്ന നമ്പരിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 999, 996 എന്നീ നമ്പറുകളിലും അറിയിക്കണമെന്നും മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. നിയമങ്ങൾ ലംഘിച്ച് നിരവധി പേര രാജ്യത്ത് കഴിയുന്നുണ്ട്.
































