കൊച്ചി: കയറ്റുമതി ബിസിനസ് പഠിപ്പിച്ച് ലൈസൻസ് എടുത്ത് നൽകാമെന്നും ഉത്പന്നങ്ങൾ വിദേശത്തേക്ക് കയറ്റി അയക്കാമെന്നും പറഞ്ഞ് കുടുംബശ്രീ അംഗങ്ങളിൽനിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവും യുവതിയും സൗത്ത് പൊലീസിന്റെ പിടിയിൽ. എറണാകുളം കടവന്ത്ര കെ.പി വള്ളോൻ റോഡിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോട്ടോളാസ് ഗ്രൂപ്പ് ഓഫ് ബിസിനസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്.സ്ഥാപനത്തിന്റെ ഉടമയായ ചോറ്റാനിക്കര സ്വദേശി സബിൻ രാജ് (33), സഹായി എളംകുളം സ്വദേശി വൃന്ദ (39) എന്നിവരാണ് പിടിയിലായത്. മാന്നാർ സ്വദേശിയായ ജിതിൻ മാത്യുവിന്റെ പരാതിയിലാണ് കേസ് എടുത്തത്. എക്സ്പോർട്ട് ബിസിനസിൽ പരിശീലനം നൽകാമെന്നും തുടർന്ന് ബിസിനസ് ഡീൽ സംഘടിപ്പിച്ച് നൽകാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പെന്ന് പൊലീസ് പറഞ്ഞു. ജിതിൻ മാത്യുവിന്റെ പക്കൽനിന്ന് ടി ഷർട്ട് എക്സ്പോർട് ബിസിനസ് ചെയ്യാമെന്ന് പറഞ്ഞ് പ്രതികൾ 2.14 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. പ്രധാനമന്ത്രിയുടെയും വാണിജ്യ മന്ത്രിയുടെയും ഫോട്ടോകൾ അച്ചടിച്ച സർക്കാർ സംരംഭമെന്ന നിലയിലാണ് പ്രതികൾ ആളുകളെ സമീപിച്ചിരുന്നത്. മൂന്നാറിൽ വെച്ചാണ് ഇവർ പിടിയിലായത്. നേരത്തെ കബളിപ്പിക്കപ്പെട്ടവർ ഇവർ സ്ഥലത്ത് എത്തിയതറിഞ്ഞ് തടഞ്ഞ് വെക്കുകയായിരുന്നു.
മൂന്നാർ പൊലീസാണ് പ്രതികളെ സൗത്ത് പൊലീസിന് കൈമാറിയത്. മൂന്നാറിൽ 37 സ്ത്രീകളിൽ നിന്ന് 10 ലക്ഷം രൂപയും എറണാകുളത്തും പരിസര പ്രദേശങ്ങളിലും നിന്ന് പത്തോളം പേരിൽ നിന്ന് 25 ലക്ഷം രൂപയും തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. കേരളത്തിലെമ്പാടും പ്രതികൾ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരമെന്നും പൊലീസ് പറഞ്ഞു.
എറണാകുളം സൗത്ത് എസ്.എച്ച്. ഒ എം.എസ്. ഫൈസൽ, എസ്.ഐമാരായ ശരത്, ഉണ്ണികൃഷ്ണൻ, അനിൽകുമാർ, എസ്.സി.പി.ഒമാരായ സുമേഷ്, ബീന, സി.പി.ഒമാരായ ബീന, സിനീഷ്, ശരത് ബാബു എന്നിവരാണ് പ്രതികളെ പിടികൂടിയത്.































