ചിറ്റാരിക്കാൽ: കെഎസ്ഇബി നല്ലോംപുഴ ഇലക്ട്രിക്കൽ സെക്ഷനിലെ കരാർ ജീവനക്കാരൻ ചിറ്റാരിക്കാൽ തയ്യേനിയിലെ കെ. അരുൺ കുമാറിനെ ആക്രമിച്ച പ്രതി പിടിയിൽ. ചിറ്റാരിക്കാൽ കാവുന്തലയിലെ സന്തോഷ് ജോസഫിനെയാണ് പോലീസ് ഞായറാഴ്ച രാത്രി ആലക്കോടുനിന്ന് അറസ്റ്റ് ചെയ്തത്.
അരുൺ ബൈക്കിൽ സഞ്ചരിക്കവേ സന്തോഷ് ജീപ്പുകൊണ്ട് ഇടിച്ചുവീഴ്ത്തിയശേഷം ലിവർ ഉപയോഗിച്ച് അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ ചിറ്റാരിക്കാൽ പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.
സംഭവത്തിനുശേഷം ജീപ്പുമായി കടന്ന സന്തോഷ് ഒളിവിലായിരുന്നു. വീട്ടിലെ കേടായ ഇലക്ട്രിക് മീറ്റർ മാറ്റിയിടുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണു സംഘർഷത്തിൽ കലാശിച്ചത്. ചെവിക്കു പരിക്കേറ്റ അരുൺകുമാർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

































