വൈപ്പിൻ: നഗരസഭയിൽ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ഫോർട്ട്കൊച്ചി കൽവത്തി അനീഷിനെയാണ്(38) ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി ഡെപ്യൂട്ടി മേയറുടെ പി.എ ആണെന്നുപറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ കബളിപ്പിച്ചത്.എടവനക്കാട് സ്വദേശിക്ക് കൊച്ചി നഗരസഭയിൽ കണ്ടിജന്റ് സൂപ്പർവൈസറായി ജോലി നൽകാമെന്ന് പറഞ്ഞ് 60,000 രൂപയാണ് കൈപ്പറ്റിയത്. കബളിപ്പിക്കപ്പെട്ടതിനെ തുടർന്ന് പരാതിക്കാരൻ മേയർക്ക് പരാതിനൽകി. പരാതി പൊലീസിന് കൈമാറിയതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കഴിഞ്ഞ ജൂലൈയിലായിരുന്നു സംഭവം. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതി ഒളിവിൽപോയി. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പാലക്കാട് മണ്ണാർക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പ്രത്യേകഅന്വേഷണസംഘം ശനിയാഴ്ചയാണ് പിടികൂടിയത്.

































