കൊച്ചി: കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം നൽകാൻ പാലാരിവട്ടം പോലീസിന് ഹൈക്കോടതിയുടെ നിർദേശം. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ സംരക്ഷണം ആവശ്യപ്പെട്ട് അപേക്ഷ ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ, പെൺകുട്ടി നിലവിൽ പാലാരിവട്ടം പോലീസ് സ്റ്റേഷൻ പരിധിയിലാണ് താമസിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടത്.
ഇതരമതസ്ഥനായ മുഹമ്മദ് ഫർമാനെ വിവാഹം കഴിച്ചതിനു പിന്നാലെ തനിക്കെതിരെ വലിയ രീതിയിലുള്ള ഭീഷണിയും വിദ്വേഷ പ്രചാരണവും നടക്കുന്നുണ്ടെന്നും ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ പെൺകുട്ടി നൽകിയ ഹർജി പരിഗണിച്ച് കഴിഞ്ഞ മാസം പോലീസ് സംരക്ഷണം നൽകാൻ കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. എന്നാൽ പെൺകുട്ടിയെ കണ്ടെത്താനായില്ലെന്ന് പോലീസ് റിപ്പോർട്ട് നൽകിയതിനെത്തുടർന്ന് ഈ മാസം പത്തിന് കോടതി ഈ ഉത്തരവ് പിൻവലിക്കുകയാണുണ്ടായത്. തുടർന്ന് സംരക്ഷണം ആവശ്യമെങ്കിൽ നേരിട്ടോ രേഖമൂലമോ അപേക്ഷിക്കാനും കോടതി നിർദേശിച്ചിരുന്നു.
നിലവിൽ പെൺകുട്ടി പാലാരിവട്ടം പോലീസിന്റെ പരിധിയിലാണ് താമസിക്കുന്നതെന്ന് വ്യക്തമായതോടെ, അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടുന്നതിനായി ഒരു വനിതാ എ.എസ്.ഐയുടെ ഫോൺ നമ്പർ പെൺകുട്ടിക്ക് കൈമാറിയിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
































