കളമശേരി: ആലുവയിൽ പീഡനത്തിനിരയായ കുട്ടിയുടെ വീട്ടുകാർക്കു താമസിക്കാൻ സുരക്ഷിതമായ മറ്റൊരു സ്ഥലം ഏർപ്പാടാക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.നിലവിൽ താമസിക്കുന്ന സ്ഥലത്ത് താമസിക്കാൻ അവർക്കു ഭയമാണ്. അവിടെ താമസിച്ചാൽ കുട്ടിക്ക് നാളെ എന്തുണ്ടാകും എങ്ങനെയാകും എന്നൊക്കെയുള്ള വിഷമമാണ്. അവരുടെ ഉള്ളിലെ ദുഃഖവും പേടിയും മാറിയിട്ടില്ല. അതിനാൽ അവർക്ക് താമസിക്കാൻ പുതിയൊരു സ്ഥലം പോലീസും സർക്കാരും കൂടി ഒരുക്കി കൊടുക്കണമെന്നും ചെന്നിത്തല പറഞ്ഞു.പീഡനത്തിനിരയായ കുട്ടിയുടെ മാതാപിതാക്കളെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഐസിയുവിൽ കിടക്കുന്ന കുട്ടിയെ കാണേണ്ട എന്നു തീരുമാനിച്ചതിനാലാണ് കുട്ടിയുടെ മാതാപിതാക്കളെ സന്ദർശിച്ച് സംസാരിച്ചത്. പുതിയ സ്ഥലം ഏർപ്പാടാക്കി കൊടുക്കുന്നതിനെ കുറിച്ച് എസ്.പി.യോട് സംസാരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.ആലുവയിൽ ഒരു മാസത്തിനിടയുണ്ടായ രണ്ടാമത്തെ സംഭവമാണ്. ഇതര സംസ്ഥാന തൊഴിലാളികളെ നമുക്ക് ഒരിക്കലും കുറ്റപ്പെടുത്താനാവില്ല. കുറ്റവാളികൾ എല്ലായിടത്തും ഉണ്ടാകും. അവരെ നിരീക്ഷിക്കാനും അവരുടെ പേരിൽ നടപടി സ്വീകരിക്കാനും എല്ലാകാലത്തും പൊലീസ് ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അത് നടക്കുന്നില്ല. ഡി.ജി.പി.യോട് ഇക്കാര്യം സംസാരിക്കും. മുഖ്യമന്ത്രിയോട് സംസാരിച്ചിട്ട് കാര്യമില്ലാത്തതിനാലാണ് ഡി.ജി.പിയോട് സംസാരിക്കുന്നത്.കാട്ടാക്കടയിൽ ഒരു കുട്ടിയെ കഴിഞ്ഞ ദിവസമാണ് കാറിടിച്ച് കൊന്നത്. ആ പ്രതിയെ പിടിക്കാനായില്ല, ഇതൊരു പൈശാചിക സംഭവമാണ്. ഇതെല്ലാം കേരളത്തിലാണ് നടക്കുന്നത്, എന്തു നാടാണിത്.പോലീസ് രാത്രികാല പട്രോളിങ് നടത്തുന്നില്ല, ചോദിക്കുമ്പോൾ പട്രോളിങ്ങിന് പെട്രോൾ അടിക്കാൻ പണമില്ലെന്ന് പറയുന്നു. പട്രോളിങ് ഇല്ലാത്തതിനാലാണ് ഇത്തരം ക്രൂരകൃത്യങ്ങൾ നടക്കുന്നത്. പട്രോളിങ്ങിന് പെട്രോൾ അടിച്ചു കൊടുക്കേണ്ട ചുമതല നാട്ടുകാർക്ക് ഇല്ലല്ലോ.മുഖ്യമന്ത്രിക്ക് ഇത്ര വലിയ സുരക്ഷ ആവശ്യമുണ്ടോ, ഇത്രയും സുരക്ഷ മുഖ്യമന്ത്രിക്ക് കൊടുക്കുമ്പോൾ പാവപ്പെട്ട ജനങ്ങൾക്കും സുരക്ഷ ഉറപ്പുവരുത്താനുള്ള ബാധ്യത പോലീസിനുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു

































