ചെങ്ങന്നൂര്‍: കുവൈത്ത് മംഗഫില്‍ തൊഴിലാളി ക്യാംപിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരില്‍ ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശിയും.
നിരണം പ്ലാച്ചുവട്ടില്‍ കുടുംബാംഗമായ ചെങ്ങന്നൂര്‍ പാണ്ടനാട് വന്മഴി മണക്കണ്ടത്തില്‍ മാത്യു തോമസ് (53)ന്റെ മരണമാണ് സ്ഥിരീകരിച്ചത്
പരേതരായ ഗീവര്‍ഗീസ് തോമസിന്റെയും മറിയാമ്മയുടെയും മകനായ മാത്യു തോമസ് കുവൈത്തിലെ ഷോപ്പിങ് മാളില്‍ 30 വര്‍ഷമായി സെയില്‍സ്മാന്‍ ആയി ജോലി ചെയ്തു വരികയായിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാനമായി നാട്ടില്‍ വന്നു മടങ്ങിയത്. മാത്യുവിനൊപ്പം സഹോദരിയുടെ മകന്‍ ഷിബു വര്‍ഗീസും കുവൈത്തില്‍ ഉണ്ടായിരുന്നെങ്കിലും അയാളെക്കുറിച്ചുള്ള വിവരങ്ങള്‍ രാത്രി വൈകിയും വീട്ടുകാര്‍ക്കു ലഭിച്ചിട്ടില്ല.
അപകടത്തിനു തലേന്നാള്‍ വീട്ടിലേക്കു ഫോണ്‍വിളിച്ചു വിശേഷങ്ങള്‍ പങ്കുവെച്ച മാത്യുവിനെ പിന്നീട് ഫോണിലും ലഭിക്കാതായതോടെ വീട്ടുകാര്‍ ആശങ്കയിലായിരുന്നു. അതിനിടെയാണ് ഇന്നലെ വിയോഗവാര്‍ത്ത വീട്ടുകാര്‍ക്കു ലഭിക്കുന്നത്.
നിരണം സ്വദേശിയായ മാത്യു വിവാഹശേഷം 20 വര്‍ഷമായി പാണ്ടനാട്ടിലെ ഭാര്യ വീടിനോട് ചേര്‍ന്ന് കുടുംബമായി താമസം മാറുകയായിരുന്നു
ഭാര്യയും രണ്ട് പെണ്‍മക്കളും ഭാര്യയുടെ മാതാപിതാക്കളും അടങ്ങുന്നതാണ് കുടുംബം. മൂത്ത മകള്‍ മേഘ ബംഗളുരുവിലെ നഴ്‌സിങ് പാസ്സായി. ഇളയ മകള്‍ മെറിന്‍ എം.ബി.എക്ക് പ്രവേശനം നേടി ഹൈദ്രബാദിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു
മൃതദേഹം ഇന്ന് (14) ഉച്ചയോടെ പാണ്ടനാട്ടിലെ വീട്ടില്‍ എത്തിക്കും. ഭാര്യ: ഷിനു മാത്യു
































