തൃശ്ശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ നടപടിയെടുത്ത് സംസ്ഥാന സർക്കാർ തൃശ്ശൂർ പൊലീസ് കമ്മീഷണർ അങ്കിത് അശോകനെ സ്ഥലം മാറ്റി ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറക്കി. ഉദ്യോഗസ്ഥനെ സ്ഥലം മാറ്റാൻ മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതിനാലാണ് തീരുമാനം നടപ്പാക്കാൻ വൈകിയത്. ഇളങ്കോ ആണ് പുതിയ സിറ്റി പൊലീസ് കമ്മീഷണർ. എന്നാൽ അങ്കിതിന് പുതിയ നിയമനം നൽകിയിട്ടില്ല.
നേരത്തെ തൃശ്ശൂർ പൂരം അലങ്കോലമാക്കിയതിന്റെ മുഖ്യ ഉത്തരവാദി സിറ്റി പൊലീസ് കമ്മീഷണറാണെന്ന് വ്യക്തമാക്കി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. പൊലീസിനുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് റിപ്പോർട്ടിലുള്ളത്. കമ്മീഷണറുടെ നടപടിയിൽ തൃശൂർ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ. രാജനും ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും ജില്ല കലക്ടറും മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചതായാണ് വിവരം.
ആനകൾക്ക് പട്ട നൽകാൻ പോയവരെയും കുടയുമായി അകത്ത് കടക്കാൻ ശ്രമിച്ചവരെയുമെല്ലാം കമ്മീഷണറുടെ നേതൃത്വത്തിൽ പൊലീസുകാർ തടയുന്നതും അസഭ്യം പറയുന്നതുമായ വീഡിയോ പുറത്തുവന്നിരുന്നു. തിരുവമ്പാടിയുടെ കുടമാറ്റത്തിനുള്ള ശ്രീരാമന്റെ കുട കൊണ്ടുവന്നവരെയും പൊലീസ് തടഞ്ഞിരുന്നു. ഈ വീഡിയോകൾ സമൂഹമാധ്യമങ്ങളിലടക്കം വൈറലായിരുന്നു. ഇതിനെതിരെ വലിയ ജനരോഷം ഉയർന്നു. എന്നാല്‍ ഒരു പട്ടയോ കുടയോ കൊണ്ട് നിരവധി പേര്‍ അകത്തു കടക്കാന്‍ ശ്രമിച്ചപ്പോഴാണ് തടഞ്ഞതെന്നായിരുന്നു കമ്മീഷണര്‍ നല്‍കിയ വിശദീകരണം.































