ലക്നോ: മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ പോലീസുകാരന്റെ മകനെ ആക്രമികൾ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മീററ്റിലെ ഇ ഞ്ചോളി പോലീസ് സ്റ്റേഷൻ പരിധിയിലെ ധൻപൂർ ഗ്രാമത്തിലാണ് സംഭവം.
യുപി പോലീസിൽ കോൺസ്റ്റബിളായ ഗോപാൽ യാദവിൻ്റെ ആറ് വയസുകാരനായ മകനാണ് കൊല്ലപ്പെട്ടത്. നിലവിൽ സഹരൻപൂരിലാണ് ഗോപാൽ യാദവ് ജോലി ചെയ്യുന്നത്.
ഞായറാഴ്ച രാവിലെ എട്ടോടെ വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ആറുവയസുകാരനായ പുനീതിനെ കാണാതായത്. പിന്നീട് 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ഗോപാൽ യാദവിന് ആക്രമികളുടെ സന്ദേശമെത്തി.
പോലീസ് നടത്തിയ അന്വേഷണത്തിനിടെ വീട്ടുകാർ കുട്ടിയുടെ മൃതദേഹം ഗ്രാമത്തിലെ ഒരു കരിമ്പ് തോട്ടത്തിൽ കണ്ടെത്തി. കുട്ടിയെ മനഃപൂർവം കൊലപ്പെടുത്തിയതാണെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു.
മറ്റൊരു കുടുംബവുമായുള്ള ഭൂമി തർക്കമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
































