സംസ്ഥാനത്തെ മൂന്ന് രാജ്യസഭാംഗങ്ങളുടെ സീറ്റിൽ തീരുമാനം പ്രഖ്യാപിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ സിപിഎമ്മിൻ്റെ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിന് വിട്ടുനൽകി. ജോസ് കെ മാണിയാണ് കേരള കോൺഗ്രസ് എമ്മിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുക. അവശേഷിക്കുന്ന സീറ്റിൽ സിപിഐ സ്ഥാനാര്‍ത്ഥി മത്സരിക്കും. ഒഴിവുള്ള മൂന്ന് സീറ്റിൽ മുന്നണിക്ക് ഉറപ്പുള്ളത് രണ്ട് സീറ്റാണ്. അതിലൊന്നാണ് സിപിഎം കേരള കോൺഗ്രസ് എമ്മിന് നൽകിയത്. രാജ്യസഭാ സീറ്റ് വിഷയം പ്രധാന അജണ്ടയായ എൽഡിഎഫ് യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം.
സഖ്യ കക്ഷികൾ സീറ്റിനായി യോഗത്തിൽ അവകാശ വാദം ഉന്നയിച്ചു. എന്നാൽ തര്‍ക്കത്തിന് നിൽക്കുന്നില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ തങ്ങളുടെ സീറ്റ് വിട്ടുകൊടുക്കുന്നതായി വ്യക്തമാക്കുകയായിരുന്നു. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ എടുക്കുന്ന തീരുമാനമെന്ന് ഇപി ജയരാജൻ വിശദീകരിച്ചു. ഘടകക്ഷികൾ നല്ലപോലെ സഹകരിച്ച് മുന്നോട്ട് പോവുകയാണെന്ന് ഇപി ജയരാജൻ പറഞ്ഞു. സിപിഎം അതിന്റെ ഉയർന്ന നിലവാരം കാണിക്കുന്നുവെന്നും മുന്നണിയെ മുന്നോട്ട് നയിക്കാൻ പോകുന്ന രാഷ്ട്രീയ നിലപാട് ആണ് എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
































