റാന്നി; വിദ്യാലയ സന്തോഷങ്ങളും വീട്ടിലെ വിശേഷങ്ങളും കൊച്ചു സങ്കടങ്ങളും അനുഭവങ്ങളുടെ പൂക്കൂടയിൽ നിറച്ച് റാന്നി ജില്ലയിലെ കുരുന്നുകൾ .റാന്നി ബിആർസി പുറത്തിറക്കിയ സംയുക്ത ഡയറിയിലാണ് കുട്ടികളുടെ അനുഭവങ്ങളുടെ മധുരമുള്ള തേനൊഴുകിയത്. ഉപജില്ലയിലെ 1, 2 ക്ലാസുകളിലെ കുട്ടികൾ എഴുതിയ ഡയറി താളുകളിൽ നിന്നും തിരഞ്ഞെടുത്തവ ചേർത്താണ് ബിആർസി അനുഭവങ്ങളുടെ പൂക്കൂട നിറച്ചത്. വിവിധ വിദ്യാലയങ്ങൾ മധുരം കിനിയുന്ന സംയുക്ത ഡയറികൾ പ്രകാശിപ്പിച്ചിരുന്നു. റാന്നി ബിആർ സിയുടെ സംയുക്ത ഡയറി ‘ അനുഭവങ്ങളുടെ പൂക്കൂട’ ഉപജില്ലയിലെ ഒന്നാം ക്ലാസിലെ അധ്യാപകരോടൊപ്പം നിന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷിജിത ബി. ജെ ,റാന്നി ബി.പി.സി ഷാജി എ. സലാം എന്നിവർ പ്രകാശനം ചെയ്തു. പൊതുവിദ്യാലയങ്ങളെ അക്കാദമികളുടെ നേർസാക്ഷ്യമായി മാറുകയാണ് സംയുക്ത ഡയറിയും സചിത്ര നോട്ട് പുസ്തകങ്ങളും . ഡയറികൾ തയ്യാറാക്കാൻ സമഗ്ര ശിക്ഷാ കേരളം പൊതുവിദ്യാലയങ്ങൾക്ക് ധനസഹായം നൽകിയിരുന്നു.































