തുറവൂർ;
അടങ്ങാത്ത സ്വാതന്ത്ര്യദാഹവുമായി പിറന്നനാടിന്റെ മോചനത്തിന് ജീവരക്തം നൽകിയ മേനാശേരിയിലെ ധീരരക്തസാക്ഷികൾക്ക് പിൻതലമുറക്കാരുടെ പ്രണാമം.
പട്ടണക്കാട് പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിൽനിന്ന് ചെങ്കൊടിയേന്തി എത്തിയ ആയിരങ്ങൾ മേനാശേരിയിലെ അനശ്വര രക്തസാക്ഷികൾക്ക് അഭിവാദ്യം അർപ്പിച്ചു. പതിമൂന്നിന്റെ നിറവിൽ കൗമാര സ്വപ്നങ്ങൾ നെയ്യാതെ നാടിനായി പൊരുതിയ അനഘാശയന്റെ ഉയിരാർന്ന സ്മരണകളുയർത്തിയ മുദ്രാവാക്യങ്ങളോടെ യുവാക്കൾ പ്രകടനത്തിൽ അണിനിരന്നു.
പട്ടണക്കാട് പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും ബഹുജനങ്ങളും സമരസേനാനികളും കുടുംബാംഗങ്ങളും അടങ്ങുന്ന ചെറുചെറുസംഘങ്ങൾ മേനാശേരി രക്തസാക്ഷി മണ്ഡപത്തിലേക്ക് ഒഴുകിയെത്തി. പാറയിൽ, കോനാട്ടുശേരി, ഉഴുവ, പൊന്നാംവെളി, വീയാത്ര എന്നിവിടങ്ങളിൽനിന്നും വെട്ടയ്ക്കൽ പ്രദേശത്തുനിന്നുമുള്ള റാലികൾ സംയുക്തമായി മേനാശേരി റോഡിലൂടെ മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി. ഇരുകമ്യൂണിസ്റ്റ് പാർടികളുടെയും വർഗബഹുജനസംഘടനകളുടെയും നേതൃത്വത്തിൽ മണ്ഡപത്തിൽ പുഷ്‌പചക്രം അർപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം പ്രകടനത്തിൽ പങ്കാളികളായി. സംയുക്ത പ്രകടനം വാദ്യമേളങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയിൽ മേനാശേരിയിൽനിന്ന് പൊന്നാംവെളിയിലെ അനുസ്‌മരണ സമ്മേളന നഗറിലേക്ക് നീങ്ങി.പൊതു സമ്മേളനത്തിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് സി കെ മോഹനൻ അധ്യക്ഷനായി.































